പത്തനംതിട്ട: ഇരുമുന്നണികളിലെയും ജനപിന്തുണയുള്ള നേതാക്കളെ ബിജെപി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കോന്നിയില് മാധ്യമ പ്രവര്ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി തോമസ് ഐസക്കിനും സ്പീക്കര് ശ്രീരാമകൃഷ്ണനും തെരഞ്ഞെടുപ്പില് സിപിഎം സീറ്റ് നിഷേധിച്ചത് സ്വര്ണക്കടത്തിലും ഡോളര്ക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു.
ആദ്യം മാറിനിൽക്കേണ്ടത്…
മന്ത്രിമാര്ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളര്ക്കടത്താണ് പ്രശ്നമെങ്കില് ആദ്യം മാറി നില്ക്കേണ്ടത് മുഖ്യമന്ത്രിയാണ്.
സിപിഎം-കോണ്ഗ്രസ് അന്തര്ധാര സജീവമായതു കൊണ്ടാണ് മഞ്ചേശ്വരത്ത് എല്ഡിഎഫ് സ്ഥാനാര്ഥിയെ പ്രഖ്യാപിക്കാത്തത്. കോണ്ഗ്രസില് നിന്നും ആത്മാഭിമാനമുള്ള പ്രവര്ത്തകര് ബിജെപിയിലേക്ക് ഒഴുകുകയാണ്.
വിജയസാധ്യത
എന്ഡിഎയുടെ സ്ഥാനാര്ത്ഥി നിര്ണയം വിജയസാധ്യത മുന്നിര്ത്തിയാണ്. യുഡിഎഫിന്റെ സ്ഥാനാര്ഥി പട്ടികകൂടി പുറത്തുവരാനുണ്ടല്ലോ. അതുംകൂടി കഴിഞ്ഞ് എന്ഡിഎയുടെ പട്ടികവരും.എല്ലാ സാധ്യതകളും പരിശോധിച്ചാണ് ഇത്തവണ സ്ഥാനാര്ഥി നിര്ണയം.
കോന്നി
കോന്നിയില് ശക്തമായ ത്രികോണ മത്സരം നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് മന്ത്രിമാര് വന്ന് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയാവും. ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കോന്നിയാണെന്നും സുരേന്ദ്രന് പറഞ്ഞു.