പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫിനും രണ്ടാംസ്ഥാനത്തെത്തിയ എൽഡിഎഫിനും വോട്ട് ശതമാനത്തിലുണ്ടായ കുറവ് ആശങ്കപ്പെടുത്തുന്നു. ബിജെപി വോട്ടുകളിലുണ്ടായ വർധന യുഡിഎഫ്, എൽഡിഎഫ് വോട്ടുകളിൽ കുറവുണ്ടാക്കി. ബിജെപി വോട്ടുകളിൽ 13 ശതമാനത്തിന്റെ വർധനയുണ്ട്.
യുഡിഎഫിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെയും എൽഡിഎഫിന് മൂന്നു ശതമാനത്തിന്റെയും കുറവാണുള്ളത്. മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലുണ്ടായ വർധനയ്ക്ക് ആനുപാതികമായി വോട്ട് വർധിപ്പിക്കാൻ രണ്ട് മുന്നണികൾക്കും കഴിയാതെ വന്നതോടെയാണ് കുറവുണ്ടായത്.
എന്നാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേടിയ വോട്ടിൽ നേരിയ വർധന മുന്നണികൾക്ക് ലഭിക്കുകയും ചെയ്തു. ഇത്തവണ 13,78,587 വോട്ടുകളിൽ 10,22,763 വോട്ടുകൾ പോൾ ചെയ്തു. ഇതിൽ യുഡിഎഫിലെ ആന്റോ ആന്റണിക്കു ലഭിച്ചത് 3,80,927 വോട്ടാണ്.37.24 ശതമാനം. വീണാ ജോർജ് 3,36,684 വോട്ട് നേടിയപ്പോൾ ശതമാനം 32.91. ബിജെപി 2,97,396 വോട്ടു നേടി. ശതമാനം 29.07.2014ൽ 8,52,914 വോട്ട് പോൾ ചെയ്തപ്പോൾ യുഡിഎഫ് നേടിയത് 3,58,842 വോട്ടാണ്. ശതമാനം 42.07. എൽഡിഎഫിന് 3,02,651 വോട്ട് ലഭിച്ചു. ശതമാനം 35.48. ബിജെപിക്ക് 1,38,954 വോട്ട് ലഭിച്ചപ്പോൾ ശതമാനം 16.29.
വോട്ടിംഗ് ശതമാനത്തിൽ ഏറ്റവുമധികം നഷ്ടം യുഡിഎഫിനു തന്നെയാണ്. ബിജെപി വോട്ടിൽ ഇരട്ടിയോളം വർധനയാണുള്ളത്. പോളിംഗ് ശതമാനത്തിലെ വർധന ഗുണകരമായത് ബിജെപിക്കാണ്. 2014ൽ 66.02 ശതമാനം മാത്രമായിരുന്നു മണ്ഡലത്തിലെ പോളിംഗ് എങ്കിൽ ഇത്തവണ ഇത് 74.19 ആയി വർധിച്ചു. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ വോട്ടുകളിൽ വർധന പ്രകടമാണെങ്കിലും പോളിംഗ് ശതമാനത്തിന് ആനുപാതികമായ വർധനയുണ്ടായില്ല.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ നിന്നായി യുഡിഎഫ് 3,64,728 വോട്ടും എൽഡിഎഫ് 3,67,928 വോട്ടും നേടിയിരുന്നു. എൻഡിഎ നേടിയത് 1,91,656 വോട്ടാണ്.
പത്തനംതിട്ട നഗരസഭയിൽ പത്ത് ബൂത്തുകളിൽ ബിജെപി ലീഡ്
പത്തനംതിട്ട: യുഡിഎഫ് ഭരണത്തിലുള്ള പത്തനംതിട്ട നഗരസഭയുടെ പത്ത് ബൂത്തുകളിൽ ബിജെപി മുന്നിലെത്തി.
നഗരസഭ മുൻ അധ്യക്ഷർ ഉൾപ്പെടെയുള്ളവരുടെ വാർഡുകളിലെ ബൂത്തുകളിലാണ് ബിജെപി ലീഡ് ചെയ്തത്. എൽഡിഎഫിനും നഗരസഭയിൽ വോട്ടുനിലയിൽ നഷ്ടമുണ്ട്. നഗരസഭയിലെ വോട്ടുനിലയിൽ ഉണ്ടായ മാറ്റം വരുംദിവസങ്ങളിൽ സജീവ ചർച്ചയാകും. തെരഞ്ഞെടുപ്പുഫലം വരുന്നതിനു മുന്പുതന്നെ ചില കോണ്ഗ്രസ് നേതാക്കളുടെ ഇടപെടലുകൾ സംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നു.