നവാസ് മേത്തർ
തലശേരി: രാഷ്ട്രീയക്കാരനാണ് പക്ഷേ എതിരാളികളില്ല. മണ്ണിനും മരത്തിനും രാഷ്ട്രീയമുള്ള തലശേരിയുടെ മണ്ണിൽ നാൽപത് വർഷം ഒരു സഹകരണ സ്ഥാപനത്തെ നയിക്കുക എന്നത് വലിയ സംഭവം തന്നെയാണ്.
കെ. സുരേശന്റെ ചെയർമാൻ പദവി ചരിത്രമാവുന്നത് അങ്ങനെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് രൂപീകൃതമായതും എൺപത്തിനാല് വർഷം പിന്നിടുകയും ചെയ്ത സഹകരണ പ്രസ്ഥാനത്തിന്റെ തലപ്പത്ത് നാൽപ്പത് വർഷം ചെയർമാൻ പദവിയിരുന്ന് റെക്കോർഡ് സ്ഥാപിക്കുകയാണ് കെ. സുരേശൻ.
ജസ്റ്റിസ് വി. ആർ കൃഷണയ്യർ നയിക്കുകയും കോടിയേരി ബാലകൃഷണൻ ഡയറക്ടറായിരിക്കുകയും ചെയ്തിട്ടുള്ള തലശേരി കോ – ഓപ്പറേറ്റീവ് അർബൺ ബാങ്കിനെയാണ് എൻസിപി നേതാവായ കെ. സുരേശൻ നാല് പതിറ്റാണ്ടുകാലം എതിരാളികളില്ലാതെ നേതൃത്വം നൽകി വരുന്നത്.
എ.കെ. ആന്റണിയും വലയാർ രവിയും നേതൃത്വം നൽകിയ കോൺഗ്രസ്-യു വിലൂടെയാണ് സുരേശൻ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായത്.
കോൺഗ്രസ്-എസ് ലൂടെ എൻസിപി യിലെത്തി നിൽക്കുന്നതിനിടയിൽ താൻ നേതൃത്വം നൽകുന്ന സംഘടന ഇടക്ക് ഇടതുപക്ഷം വിട്ടെങ്കിലും സുരേശന്റെ കസേരക്ക് ഇളക്കം തട്ടിയിരുന്നില്ല.
രാഷ്ട്രീയ നീക്കങ്ങളിൽ കൃത്യമായ കരുക്കൾ നീക്കുന്ന സി പി എം സുരേശന്റെ കാര്യത്തിൽ സ്വീകരിച്ച സമീപനം രാഷ്ട്രീയ രംഗത്ത് പലപ്പോഴും ചർച്ചയായിരുന്നു.
150 കോടിയുടെ പ്രവർത്തന മൂലധനമുള്ള സ്ഥാപനത്തെ നയിക്കുമ്പോഴും ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സുരേശനെ കുറിച്ച് സിപിഎമ്മിനും എതിരഭിപ്രായം ഉണ്ടായിട്ടില്ല.
1981 സെപ്റ്റംബർ ഒന്നിന് സുരേശൻ പ്രസിഡന്റാകുമ്പോൾ ആ ഡയറക്ടർ ബോഡിലാണ് കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നത്.
ഡയറക്ടർ ബോഡിലെത്തിയ വർഷത്തിൽ തന്നെ സുരേശൻ ചെയർമാൻ പദവിയിലെത്തിയെന്ന പ്രത്യേകതയുമുണ്ട്. അന്ന് വാദ്ധ്യാർ പീടികയിലെ ചെറിയ മുറിയിലായിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്.
പത്ത് ലക്ഷം മാത്രം മൂലധനമുണ്ടായിരുന്നപ്പോഴാണ് സുരേശൻ ചെയർമാൻ പദവിയിലെത്തുന്നത്. ഇന്ന് 150 കോടിയുടെ പ്രവർത്തന മൂലധനവും അഞ്ച് ശാഖകളുമുള്ള സ്ഥാപനമായി ബാങ്ക് വളർന്നു.
മഞ്ഞോടിയിൽ നവ ബാങ്കുകളെ വെല്ലുന്ന ആസ്ഥാന മന്ദിരവും സ്ഥാപിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ അവിഭക്ത യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് -യു ബ്ലോക്ക് പ്രസിഡന്റ്, കോൺഗ്രസ്-യു, കോൺഗ്രസ്-എസ്, എൻ സി പി എന്നിവയുടെ ബ്ലോക്ക് ജനറൽ സെക്രട്ടറി,
എൻസി പി ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ദേശീയ സമിതിയംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം , എൽഡിഎഫ് കണ്ണൂർ ജില്ലാ നേതൃ സമിതിയിൽ പ്രതിനിധി എന്നീ നിലകളിൽ സംഘടനാ രംഗത്ത് വിവിധ കാലയളവുകളിൽ പ്രവർത്തിച്ച സുരേശൻ 2009ൽ വയനാട് മണ്ഡലത്തിൽ എൻസിപി സ്ഥാനാർഥിയുടെ കൽപ്പറ്റ അസംബ്ലി മണ്ഡലം തല പ്രചാരണത്തിന്റെ ചുമതലക്കാരനുമായിരുന്നു.
2014 ൽ സംസ്ഥാന സഹകരണ കലോത്സവത്തിന് തലശേരി ആതിഥ്യമരുളിയപ്പോൾ മുഖ്യസംഘാടകന്റെ റോളും സുരേശനായിരുന്നു.
കാൽ നൂറ്റാണ്ട് കാലം തലശേരി സർക്കിൾ സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗമായി പ്രവർത്തിച്ച കെ.സുരേശൻ 15 വർഷത്തോളം സംസ്ഥാന സഹകരണ അർബൻ ബാങ്ക് ഫെഡറേഷൻ മാനേജിംഗ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എ. സി. ഷണ്മുഖദാസ് സ്മാരക വേദി പ്രസിഡന്റ്, നെഹ്റു സാംസ്കാരിക വേദി പ്രസിഡന്റ്, നവാഭാരത് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി തുടങ്ങിയ പൊതു രംഗങ്ങളിലും സുരേശൻ സജീവ സാന്നിധ്യമാണ്.