കോഴിക്കോട്: വിദേശത്തു നിന്ന് വരുന്ന എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബിജെപിയും മുസ്ലിം ലീഗും സമര മുഖത്ത്. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഇന്ന് കളക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തും.
അതേസമയം സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും സമരത്തിനിറങ്ങും. ഇന്ന് മൂന്നിന് എല്ലാ ജില്ലകളിലേയും കളക്ടറേറ്റുകള്‍ക്കു മുന്നില്‍ പ്രതിഷേധ സമരം നടത്താനാണ് മുസ്ലിം ലീഗ് തീരുമാനിച്ചത്. നാളെ സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിപക്ഷ നേതാവും ഉപവസിക്കും.
സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ബിജെപി തീരുമാനിച്ചത്. പ്രതിഷേധം ശക്തമാക്കാന്‍ യുവമോര്‍ച്ചയും സമരത്തിനിറങ്ങും.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്ദേ ഭാരത് മിഷന് അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.
കേരളത്തിലേക്ക് എത്ര പേര് വന്നാലും സ്വീകരിക്കാന്‍ തയാറെന്നും എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും ഹൈക്കോടതിയില്‍ വരെ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇതിലൂടെ തെളിഞ്ഞതായും ബിജെപി വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗള്‍ഫില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
പരിശോധനയ്ക്കു വേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്താതെ പ്രവാസികളുടെ യാത്രയ്ക്ക് തടസം നില്ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ലീഗ് ആരോപിച്ചു.