കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ് യാത്ര ആരംഭിച്ചപ്പോള്‍ തന്നെ പേരുദോഷങ്ങളുടെ ബഹളം.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷമുള്ള ആദ്യയാത്രയില്‍ തന്നെ ബസ് അപകടത്തില്‍പ്പെട്ടിരുന്നു.
തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്റെ സൈഡ് മിറര്‍ ഫിറ്റ് ചെയ്താണ് യാത്ര തുടര്‍ന്നത്.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം.
ഒരു വശത്തെ പെയിന്റ് പോയി. കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്.
വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമായിരുന്നു.
കെ-സ്വിഫ്റ്റ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂന്നാമത്തെ അപകടം. ലോറിയില്‍ തട്ടി ഇടത് സൈഡിലെ റിയര്‍വ്യൂ മിറര്‍ ഒടിഞ്ഞു. മുന്‍ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇപ്പോഴിതാ കെ-സ്വിഫ്റ്റിലെ യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
വയനാട് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ അനോവറില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് പിടികൂടിയത്.
ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
ചെക്ക്പോസ്റ്റിലെ പതിവ് പരിശോധനയ്ക്കിടെയാണ് ബസ് യാത്രക്കാരനില്‍നിന്ന് എക്സൈസ് കഞ്ചാവ് പിടിച്ചെടുത്തത്.
ഇതുകൂടാതെ തൃശ്ശൂര്‍ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസിടിച്ച് വഴിയാത്രക്കാരന് മരിച്ച സംഭവവും തുടക്കത്തിലെ കല്ലുകടിയായി.
കുന്നംകുളം മലയാ ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് തമിഴ്നാട് സ്വദേശി പരസ്വാമിയുടെ മരണം സംഭവിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെ- സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടത്.
കുന്നംകുളം ജംഗ്ഷനിലെ ഒരു കടയില്‍ നിന്ന് ചായ വാങ്ങാനായി റോഡ് മുറിച്ച് കടക്കുകയായിരുന്നു പരസ്വാമി.
ഈ സമയത്താണ് ബസ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചതെന്നും അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പിന്നീട് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ആണ് ബസ് കണ്ടെത്തിയത്.
പരിക്കേറ്റയാളെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു. നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്. അപകടമുണ്ടാക്കിയ ബസ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
സര്‍വീസ് തുടങ്ങിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ കെ-സ്വിഫ്റ്റ് ബസ് തുടര്‍ച്ചയായി അപകടങ്ങളില്‍പ്പെടുന്നതില്‍ ജീവനക്കാര്‍ക്ക് കടുത്ത ആശങ്കയാണുള്ളത്.