പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെ സ്വിഫ്റ്റിന്റെ ബസ് ഓടിയ്ക്കാൻ കാറിൽ ഡ്രൈവിംഗ് ടെസ്റ്റ് . ഹെവി വാഹനമായ ബസ് ഓടിക്കുന്നതിന് ബസ് ഓടിച്ചു തന്നെ ടെസ്റ്റ് നടത്തുന്നതിന് പകരമായാണ് കാർ ഉപയോഗിച്ച് ടെസ്റ്റ് നടത്തിയത്.
എച്ച് എടുത്തതും റോഡ് ടെസ്റ്റ് നടത്തിയതും മാരുതി ആൾട്ടോ കാറിൽ. തിരുവനന്തപുരം പാപ്പനംകോട് വച്ച് ഇന്ന് രാവിലെയായിരുന്നു ടെസ്റ്റ് .
കെ സ്വിഫ്റ്റിൽ നാനൂറോളം വനിതാ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടെസ്റ്റ് . തലസ്ഥാന നഗരത്തിൽ ഹരിത നഗരം പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകൾ ഓടിക്കാനാണ് വനിതകളെ നിയമിക്കുന്നത്.
ഇപ്പോൾ കെ സ്വിഫ്റ്റിന് നിലവിലുള്ള 63ഓളം ഇലക്ട്രിക് ബസുകളിൽ വനിതകളെനിയമിക്കാനാണ് പദ്ധതി. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ലഭിക്കുന്ന 132 ഇലക്ട്രിക് ബസുകളും ഉടൻ ലഭിക്കും.
ഇതും സർവീസ് നടത്താനായി കെ സ്വീഫ്റ്റിന് കൈമാറും. അതിലും വനിത ഡ്രൈവർമാരായിരിക്കും.മുപ്പതോളം വനിതകളാണ് ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത്.
ഇതിൽ പകുതി പേർക്ക് പോലും വലിയവാഹനങ്ങൾഓടിക്കുന്നതിനുള്ള ഹെവിലൈസൻസ് ഇല്ലാത്തവരായിരുന്നു എന്നറിയുന്നു. ഇവർക്ക് ബസിൽ ഡ്രൈവിംഗ് പരിശീലനം നല്കുമെന്നാണ് കെ സ്വിഫ്റ്റ് അധികൃതർ പറയുന്നത്.
വേണ്ടത്ര ഡ്രൈവിംഗ് പരിചയമില്ലാത്തവരെ നിയമിക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
30000 രൂപ സെക്യുരിറ്റി തുകയായി ഇവർ കെ സ്വിഫ്റ്റിൽ അടയ്ക്കണം. 715 രൂപയാണ് ഒരു ഡ്യൂട്ടിയുടെ വേതനം .മറ്റ് യാതൊരുവിധ തൊഴിൽ ആനുകൂല്യങ്ങളോ തെഴിൽ സുരക്ഷിതത്വമോ ഇല്ല.