പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസി യുടെ 34 അഭിമാന സർവീസുകൾ ഇനി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി ഓപ്പറേറ്റ് ചെയ്യും. തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശ്ശാല ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സൂപ്പർ ഫാസ്റ്റ് സർവീസുകളാണ് നാളെ മുതൽ കെ സ്വിഫ്റ്റിനായി സർവീസ് നടത്തുന്നത്.
ഇതിൽ മിക്ക സർവീസുകളും മുക്കാൽ ലക്ഷമോ അതിലധികമോ വരുമാനം നേടുന്ന സർവീസുകളായിരുന്നു.തിരുവനന്തപുരം, നെയ്യാറ്റിൻകര, പാറശാല എന്നീ കേരളത്തിലെ തെക്കേ അറ്റത്തുള്ള ഈ ഡിപ്പോകളിൽ നിന്നും തൃശൂർ, പാലക്കാട്, വഴിക്കടവ്, കുമളി, നെടുങ്കണ്ടം, മാട്ടുപ്പെട്ടി, കട്ടപ്പന, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് ഈ സർവീസുകൾ.
വൻ വരുമാനം കെഎസ്ആർടിസിയ്ക്ക് നേടി കൊടുത്തു കൊണ്ടിരുന്ന സർവീസുകൾ നഷ്ടപ്പെടുന്നതോടെ വരുമാനം കുത്തനെ ഇടിയും.
ഇപ്പോൾ തന്നെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിയ്ക്ക് കൂടുതൽ വരുമാന നഷ്ടം വരുത്തുന്ന നടപടിയാണ് ഇതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് പകരം കൂടുതൽ വലിയ കയത്തിലേയ്ക്ക് തള്ളിയിടുന്ന നടപടിയാണ് ഇതെന്ന് ഫോറം ഫോർ ജസ്റ്റിസ് അഭിപ്രായപ്പെട്ടു.