പിപിഇ കിറ്റ് അഴിമതിയാരോപണത്തില്‍ കെകെ ശൈലജയ്ക്ക് നോട്ടീസയച്ച ലോകായുക്തയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍.
ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വിവേചനമെന്ന് ധ്വനിപ്പിക്കുന്നതാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസ് അയയ്ക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്നു പോസ്റ്റില്‍ പറയുന്നു.
ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്നു ഒന്നാം പിണറായി മന്ത്രിസഭയില്‍നിന്നു കെ.ടി.ജലീല്‍ രാജിവച്ചിരുന്നു.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി കെ.ടി. ജലീല്‍ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്.
അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. ഇതിനു പിന്നാലെയായിരുന്നു രാജി.
കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയിലാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു ലോകായുക്ത നോട്ടീസ് അയച്ചത്.
ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8നു ഹാജരാകണം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും.
ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നോട്ടീസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു കേസ് ഫയലില്‍ സ്വീകരിച്ചത്. ശൈലജയ്ക്കു നോട്ടീസ് നല്‍കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല.
കെ.ടി.ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
”പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി. ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ?
കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ”