തനിക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. പതിനേഴ് ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നും, മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബെനാമിയാണെന്നുമായിരുന്നു സ്വപ്ന പറഞ്ഞത്.
ഇതേത്തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ലഘു കുറിപ്പിലാണ് ജലീലിന്റെ പരിഹാസം.
‘തിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേരു പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ’യെന്ന് ജലീല്‍ കുറിച്ചു.
സ്വപ്ന സുരേഷ് നല്കിയ സത്യവാങ്മൂലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഈന്തപ്പഴം കടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തായത്.
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.
മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് വഴി കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.
ഈ കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി. ജലീലിന്റെ ബെനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിക്കുന്നത്.