തന്റെ സ്വത്ത് ആര്ക്ക് എപ്പോള് വേണമെങ്കിലും പരിശോധിക്കാമെന്ന് കെ ടി ജലീല്. മാന്യന്മാരെ അധിക്ഷേപിക്കാന് പ്രതിപക്ഷ രാഷ്ട്രീയപാര്ട്ടികള് നടത്തുന്ന ശ്രമമാണിതെന്നും ജലീല് പറഞ്ഞു.
മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, കള്ളം പറയുമ്പോള് എന്റെ പേര് പറയൂ, ഞാന് ബിരിയാണി കഴിക്കും.
മതാനുഷ്ടാനങ്ങള് നിര്വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താന്. അങ്ങനെയായി എന്നുള്ളതാണ് ചിലര്ക്കെങ്കിലും താന് കണ്ണിലെ കരടാകാന് കാരണം.
സ്വപ്നയുടെ ആരോപണങ്ങളില് ഭയമില്ല. സ്വപ്നയുടെയും തന്റെയും അക്കൗണ്ടുകള് പരിശോധിച്ചാല് ആരാണ് കള്ളനെന്ന് ആര്ക്കും മനസിലാകുമെന്നും ജലീല് പറഞ്ഞു.
സ്വര്ണക്കള്ളക്കടത്തിലെ പ്രധാനപ്രതിയായ സ്വപ്ന സുരേഷ് ചില വെളിപ്പെടുത്തല് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നരവര്ഷക്കാലമായി അവര് ജയിലിലായിരുന്നു.
എന്ഐഎ, കസ്റ്റംസ്, ഇഡി ഇവരെല്ലാം അതുമായി ബന്ധപ്പെട്ട് ആരോപിതരായിട്ടുള്ള എല്ലാ ആളുകളെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയുണ്ടായി.
അതിന്റെ അടിസ്ഥാനത്തില് സ്വര്ണക്കള്ളക്കടത്ത് കേസില് വന്നു എന്നുപറയപ്പെടുന്ന സ്വര്ണം എങ്ങോട്ടാണ് പോയത്, ആര്ക്കാണ് കിട്ടിയത്, ആരെല്ലാമായിരുന്നു അതിന്റെ വാഹകര്, ഉത്തരവാദിത്വം ആര്ക്കൊക്കെയാണ്.
ഇതെല്ലാം കണ്ടെത്തി ജനങ്ങളോട് പറയേണ്ടത് കേന്ദ്ര അന്വേഷണ ഏജന്സികളാണെന്ന് ജലീല് പറഞ്ഞു. അവര് ഇതുവരെ അത് സംബന്ധമായ അന്വേഷണം എവിടെയും എത്തിച്ചില്ല.
ഈ പ്രശ്നം പരിഹൃതമാകാതെ പ്രതികള് ആരെന്ന് തെളിവ് സഹിതം വ്യക്തമാക്കപ്പെടാതെ അന്തരീക്ഷത്തില് നിലനിര്ത്തി ഊഹാപോഹങ്ങള് പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്നവരുടെ പേരില് ചെളിവാരിയെറിഞ്ഞ് മുന്നോട്ടുപോകുന്ന സ്ഥിതിയുണ്ടാവണെന്ന് അവര് ആഗ്രഹിക്കുന്നു എന്ന് ന്യായമായി സംശയിക്കുന്നതായും ജലീല് പറഞ്ഞു.
വളരെ പ്രശസ്തമായ ഏജന്സികള്ക്ക് ഒന്നോ രണ്ടോ ആഴ്ചകള്കൊണ്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്ക്കും അറുതിവരുത്താന് സാധിക്കും.
അന്വേഷണങ്ങള് അവസാനിപ്പിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില് കൊണ്ടുവരാന് സാധിക്കും. അത് ചെയ്യാതെ കേരളത്തിന്റെ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ കുടുംബത്തെ, സര്ക്കാരിനെ മുന്മന്ത്രിയായ എന്നെ സംശയത്തിന്റെ നിഴലില് നിര്ത്തി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത് ജലീല് പറഞ്ഞു
ഇത് സംബന്ധിച്ച് ഒരു ഭയവുമില്ല. നിരവധി തവണ പറഞ്ഞതാണ്. ഞങ്ങളുടെയൊക്കെ അക്കൗണ്ടുകള്, സ്വത്തുക്കള് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായതാണ്.
കഴിഞ്ഞ പതിനാറുവര്ഷക്കാലത്തെ എന്റെ ധനവിനിയോഗം, ജീവിതം, വീട് മറ്റ് സൗകര്യങ്ങള് ഇവയെല്ലാം മാധ്യമപ്രവര്ത്തകര്ക്കും പരിശോധിക്കാം. ഇഡിയെ ഞാന് എന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ജലീല് പറഞ്ഞു.
പൊതുപ്രവര്ത്തനം നടത്തുന്നവരെ പൊതുസമൂഹത്തിന് മുന്നില് മോശമാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്.ഗൂഢാലോചന യുഡിഎഫും ബിജെപിയും ഒരുമിച്ചാണ് നടത്തുന്നത്.
പിസി ജോര്ജും സ്വപ്ന സുരേഷും ഓരോദിവസവും നട്ടാല് നുണയ്ക്കാത്ത നുണകളാണ് പറയുന്നത്. ഇത് കേരള ജനത വിശ്വസിക്കില്ല. പിസി ജോര്ജ് പറയുന്നത് താന് എസ്ഡിപിഐ ആളാണെന്നാണ്.
മുസ്ലീം തീവ്രവാദത്തെ എല്ലാ പൊതുവേദിയില് വിമര്ശിച്ച ആളാണ് താന്. എന്നാല് പിസി ജോര്ജിനെ എസ്ഡിപിഐ വേദിയില് നമ്മള് എത്ര തവണ കണ്ടതാണ്. പറയാന് പറ്റുന്നതേ പറയാവൂ. പറയാന് അറിയില്ലെങ്കില് പറയാതിരിക്കുക ജലീല് പറഞ്ഞു.