അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നു പറയുമ്പോലെയാണ് കെ.ടി ജലീലിന്റെ പല പ്രതികരണങ്ങളും.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ തലയറുത്തു കൊന്ന സംഭവത്തില്‍ ജലീലിന്റെ പ്രതികരണം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
സംഭവം മുസ്ലിം കച്ചവടക്കാരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയക്കണമെന്നായിരുന്നു ജലീല്‍ പറഞ്ഞത്.
ജലീലിന്റെ ഈ മറുപടി കേട്ടവരെല്ലാം പരസ്പരം ചോദിച്ചത് ഇയാള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ്.
അതിന്റെ തുടര്‍ച്ചയാവുകയാണ് ജലീലിന്റെ മറ്റൊരു മറുപടി. താന്‍ രാജിവച്ചതെന്തിനാണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ജലീല്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ജലീലിന്റെ മാനസികനിലയെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നത്.
”നീ എന്തിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്.അന്നും ഇത്പോലെ കുറെ ഉഡായിപ്പുമായി വന്നിരുന്നല്ലോ.എന്നിട്ട് എന്തിനാണ് രാജിവെച്ചത്,നീ കള്ളന് തന്നെ”.ഇങ്ങനെയായിരുന്നു ഒരു കമന്റ്.
ഇതിനു ജലീല്‍ പറഞ്ഞ മറുപടി ഇങ്ങനെ…”ആ വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ലിംഗത്തില്‍ ക്യാന്‍സറാ, അറിഞ്ഞില്ലേ”.
ഇങ്ങനെ ഇങ്ങനെ പരസ്പരബന്ധമില്ലാത്ത മറുപടി നല്കി തലയൂരാന്‍ ശ്രമിക്കുകയാണ് ജലീല്‍ ചെയ്തത്.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളിലും സിറിയക് ജോസഫിനെയും ഫാ. തോമസ് കോട്ടൂരിനെയും പരാമര്‍ശിക്കുന്ന കെ ടി ജലീലിനെതിരെ പലരും പ്രതിഷേധമുയര്‍ത്തുന്നുണ്ട്.
ജലീലിന്റെ കിളി പോയതാണോയെന്നാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ചോദിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ജലീലിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
ഒരു പ്രമുഖ എല്‍ഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യല്‍ മീഡിയ പ്രതികരണമാണിത്!
ചില സംശയങ്ങള്‍:
പ്രസ്തുത വ്യക്തിക്ക് കാന്‍സര്‍ വന്നത് അയാള്‍ കേസില്‍ ഒന്നാം പ്രതി ആയതുകൊണ്ടാണോ?
അതോ അയാള്‍ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ?
അതോ സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയില്‍ വിധി പറഞ്ഞത് കൊണ്ടാണോ?
ഇങ്ങനെ ഓരോരുത്തര്‍ക്കും കാന്‍സര്‍ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കല്‍-ഇതര കാരണങ്ങള്‍ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ?
ഉണ്ടെങ്കില്‍ ആ സിദ്ധി ഉപയോഗിച്ച് മറ്റ് ഏതെങ്കിലും പ്രമുഖരുടെ അസുഖ കാരണങ്ങള്‍ ജലീല്‍ കണ്ടെത്തിയിട്ടുണ്ടോ?
ആരോ ആവട്ടെ, ഒരാളെ അയാള്‍ക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോ?
അതോ ജലീലിന് മൊത്തത്തില്‍ കിളി പോയതാണോ?