നാദാപുരം: അധ്യാപക യോഗ്യതയായ കെ ടെറ്റിന്റെ കടമ്പയില്‍ തട്ടി പിഎസ്സി പരീക്ഷ എഴുതാനാകാതെ ഉദ്യോഗാര്‍ത്ഥികള്‍ . നിശ്ചിത യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് നാലും അഞ്ചും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടക്കുന്ന എല്‍പി, യുപി സ്കൂള്‍ അധ്യാപകരുടെ പരീക്ഷ എഴുതാനാകാതെ പെരുവഴിയിലാവുന്നത്.
മുമ്പ് എല്‍പി, യുപി സ്കൂള്‍ അധ്യാപകരുടെ പരീക്ഷ എഴുതാനുള്ള നിശ്ചിത യോഗ്യത ടിടിസിയോ ബി എഡ്ഡോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടിടിസിയോ ബി എഡ്ഡോ ഉണ്ടായാലും കെ ടെറ്റ് ഇല്ലെങ്കില്‍ അപേക്ഷിക്കാന്‍ കഴിയില്ലെന്ന പിഎസ്സിയുടെ നിബന്ധനയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിലങ്ങുതടിയായത്.
കെ ടെറ്റ് ഇല്ലാതെ എയ്ഡഡ് സ്കൂളുകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് 2021 വരെ കെ ടെറ്റ് യോഗ്യത നേടാനുള്ള കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ പിഎസ്സി പരീക്ഷ എഴുതി അദ്ധ്യാപക നിയമനം ലഭിച്ചവര്‍ക്കും കെ ടെറ്റ് എഴുതിയെടുക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ വിളിച്ച പിഎസ്സി പരീക്ഷക്ക് അപേക്ഷിക്കാന്‍ കെ ടെറ്റ് നിര്‍ബന്ധമാക്കിയതോടെ അധ്യാപക യോഗ്യതയുള്ള ഭൂരിഭാഗം പേര്‍ക്കും അവസരം നഷ്ടമാകും. കെ ടെറ്റ് പരീക്ഷ ജനറല്‍ വിഭാഗക്കാര്‍ക്ക് 150ല്‍ 90 മാര്‍ക്കും ഒബിസിക്ക് 82 മാര്‍ക്കും, എസ്സി, എസ്ടി വിഭാഗത്തിന് 75 മാര്‍ക്കും ആണ്പാസ് മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍ സെറ്റ്, എംഫില്‍, എംഎഡ്ഡ് പരീക്ഷകളില്‍ വിജയിക്കാന്‍ എല്ലാ വിഭാഗക്കാര്‍ക്കും 75 മാര്‍ക്ക് മതിയെന്നിരിക്കെയാണ് കെ ടെറ്റിന്റെ കാര്യത്തില്‍ ഒരേ ക്ലാസില്‍ പഠിക്കുന്നവിദ്യാര്ത്ഥികളോടുള്ള ഈ വിവേചനം.
കെ ടെറ്റ് പരീക്ഷയില്‍ 75 മാര്‍ക്ക് ലഭിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ വിളിച്ച പിഎസ്സി അദ്ധ്യാപക പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാക്കണമെന്നും ഇന്റര്‍വ്യൂ സമയത്ത് കെടെറ്റ് പാസാകണമെന്ന് നിര്‍ബന്ധമാക്കിയാല്‍ മതിയെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.