മഴയും വെള്ളപ്പൊക്കവും മൂലം നാട്ടില്‍ ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ സുരക്ഷയെ മുന്‍നിര്‍ത്തി പ്രളയബാധിത പ്രദേശത്തെ സ്കൂളുകള്‍ക്കും ആവശ്യമെങ്കില്‍ കോളജുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിക്കാറുണ്ട്. ഈ മഴക്കാലത്തും മിക്കയിടങ്ങളിലെയും കളക്ടര്‍മാര്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
എന്നാല്‍ ചില ജില്ലകളില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് അവരുടെ ഫേസ്ബുക്ക് പേജുകളിലേക്ക് ട്രോളുകളും പൊങ്കാലകളും ഒഴുകുന്ന സംഭവമുണ്ടായി. ഇപ്പോഴിതാ മഴക്കാലത്ത് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ അഴിഞ്ഞാടിയ ട്രോളന്മാരോട് ഒരഭ്യര്‍ത്ഥനയുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി രംഗത്തെത്തിയിരിക്കുന്നു.
പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ ഓര്‍മിപ്പിച്ചാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ട്രോളുകള്‍ ആസ്വദിച്ചെന്നും എന്നാല്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ ചെറുക്കാന്‍ കൂട്ടായ പരിശ്രമം ട്രോളന്മാരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നുമാണ് കളക്ടര്‍ ഓര്‍മിപ്പിക്കുന്നത്.
കളക്ടറുടെ പോസ്റ്റില്‍ പറയുന്നതിങ്ങനെ…
‘പ്രിയ സുഹൃത്തുക്കളേ, (ട്രോളന്മാരെ,ട്രോളത്തികളെ), തലസ്ഥാനത്ത് പെയ്ത മഴയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടും നിങ്ങള്‍ നിര്‍മിച്ച ട്രോളുകള്‍ ഞാന്‍ ആസ്വദിച്ചു. ജില്ലാ കലക്ടറുടെ ഫെയ്സ്ബുക് പേജ് പൊതുജനങ്ങളുടെ കാഴ്ചപ്പാടും അഭിപ്രായങ്ങളും പങ്കുവയ്ക്കാന്‍ തുറന്നു കിടക്കുകയാണെന്നു ലോകത്തെ അറിയിച്ചതിനു നന്ദി പറയുന്നു. കാലാവസ്ഥാ മാറ്റവും അതിന്റെ പ്രത്യാഘാതങ്ങളും ജനങ്ങള്‍ക്ക് ഇപ്പോള്‍ പരിചിതമാണ്.
ഓഖി കൊടുങ്കാറ്റുണ്ടായപ്പോള്‍ ഒരു ടണ്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളുമാണ് ഒരു രാത്രി കൊണ്ട് കരയിലേക്ക് വന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം മഴയുടെ അളവുകള്‍ വ്യത്യാസപ്പെടുന്നതും, മഴ പ്രവചിക്കാന്‍ കഴിയാതെ വരുന്നതും വരുംനാളുകളില്‍ വര്‍ധിക്കാനാണ് സാധ്യത. നിങ്ങളുടെ ഊര്‍ജവും കഴിവും കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ നിങ്ങളെ മാത്രമല്ല ലോകത്തെ കൂടിയാകും രക്ഷിക്കുന്നത്.
ഈ സന്ദര്‍ഭത്തില്‍ നിങ്ങളുടെ പിന്തുണ ‘സി 5 – ചേഞ്ച് ക്യാന്‍ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച്’ എന്ന ഉദ്യമത്തിന് ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ജനങ്ങളുടെ സുസ്ഥിരമായ ഭാവിയെ ലക്ഷ്യമിടുന്ന ഈ ഉദ്യമത്തിന് നിങ്ങളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ക്രിയാത്മകതയും അനിവാര്യമാണ്. അതിനായി നമുക്കൊരുമിച്ചു ഒത്തുചേര്‍ന്ന് ഭൂമിയുടെ നിലനില്‍പ്പിനായി പൊരുതാം, ഇത്തരം ദുരിതങ്ങളെ തടുക്കാം’.
(അന്തരീക്ഷ മലിനീകരണം ലഘൂകരിച്ച്, ആഗോളതാപനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ ഒഴിവാക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കുകയാണ് സി 5 പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തിയാണ് സി 5 പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്)