ലക്നൗ: ബിജെപി പാർട്ടിയിൽനിന്നു പുറത്താക്കിയ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനു പിന്തുണയുമായി ബിജെപി എംഎൽഎ. സെൻഗർ ഇപ്പോൾ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു പോകുകയാണെന്നായിരുന്നു ഹർദോയിയിൽനിന്നുള്ള എംഎൽഎ ആശിഷ് സിംഗ് അശുവിന്റെ പരാമർശം. സെൻഗാർ എത്രയും വേഗം ജയിൽ മോചിതനാകട്ടെ എന്നും അശു ആശംസിച്ചു.
നമ്മുടെ സഹോദരൻ കുൽദീപ് സിംഗ് ഇന്ന് നമുക്കൊപ്പമില്ല. അദ്ദേഹം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണു കടന്നുപോകുന്നത്. അദ്ദേഹത്തിന് നല്ലത് ആശംസിക്കുന്നു. അദ്ദേഹം പോരാടും, ഈ ബുദ്ധിമുട്ടേറിയ സമയത്തെ അതിജീവിക്കും. നമ്മൾ എവിടെയാണെങ്കിലും നമ്മുടെ ആശംസകൾ അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കും- ഉന്നാവോയ്ക്കു സമീപം പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അശു പറഞ്ഞു.
ഉന്നാവോ മാനഭംഗ കേസിലെ മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗറിനെ ബിജെപിയിൽനിന്നു പുറത്താക്കിയിരുന്നു. സംഭവത്തിൽ കുറ്റാരോപിതനായി പതിനഞ്ച് മാസത്തിനുശേഷമാണു ബിജെപി ഇത്തരത്തിൽ നടപടിയെടുക്കുന്നത്. കഴിഞ്ഞ ദിവസം കുൽദീപിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. എംഎൽഎയെ സംരക്ഷിക്കുന്നതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.