കണമല: അഴുതയിൽ നിന്നു പമ്പയിലേക്കുള്ള പെരിയാർ കടുവാ സങ്കേതത്തിലെ വനപാതയിൽ രാത്രിയിൽ വെളിച്ചമില്ലെന്ന് പരാതി. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കടകളിൽ ഏർപ്പെടുത്തിയ ലൈറ്റുകളാണ് ആകെയുള്ള വെളിച്ചം.
പാതയിൽ ലൈറ്റുകൾ വിരളമായാണ് സ്ഥാപിച്ചിട്ടുള്ളതെന്നും വെളിച്ചമില്ലാത്തതിനാലാണ് ആനകൾ ഇറങ്ങുന്നതെന്നും നാട്ടുകാർ. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ ഒരു തീർഥാടകൻ കൊല്ലപ്പെട്ടതിന് പുറമെ വീണ്ടും ആനകൾ കൂട്ടത്തോടെയെത്തി ഭക്തരെ ആക്രമിച്ചു.
നിരവധി പേർക്കാണ് പരിക്കേറ്റത്. ആനകൾ ഇറങ്ങുന്നത് മുൻനിർത്തി രാത്രിയിൽ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ വനപാതയിൽ രാത്രിയിൽ തങ്ങുന്ന തീർഥാടകരുടെ സുരക്ഷിതത്വം ആശങ്കയിലാണെന്ന് കണമല വാർഡംഗം അനീഷ് വാഴയിൽ പറഞ്ഞു.
രാത്രിയിൽ തങ്ങുന്നതിനായി യാത്ര ചെയ്യുമ്പോൾ വെളിച്ചമില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുകയാണ്. ടോർച്ച് തെളിച്ചാണ് തീർഥാടകാരിൽ പലരുമെത്തുന്നത്. ജനറേറ്റർ പ്രവർത്തിപ്പിച്ച് വനപാതയിൽ പ്രകാശം നൽകുന്നതിന് കരാർ നൽകിയിട്ടുണ്ടെന്ന് വനപാലകർ പറയുന്നു. എന്നാൽ വെളിച്ചം ലഭിക്കുന്നത് കടകളിലാണെന്നാണ് പരാതി. വെളിച്ചത്തിന് ദിവസവും കച്ചവടക്കാരിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്.