
വൈപ്പിന്‍: കോവിഡ് 19 ഭീഷണിയില്‍ ഞണ്ടുകളുടെ കയറ്റുമതി തടസപ്പെട്ടതിനു പിന്നാലെ കാരചെമ്മീന് കയറ്റുമതിയും സ്തംഭിക്കുന്നു. ഇതേ തുടര്‍ന്ന് ഇന്നു മുതല്‍ ചെറുകിട വ്യാപാരികള്‍ ചെമ്മീന്‍ കര്‍ഷകരില്‍ നിന്നും മത്സ്യത്തൊഴിലാളികളികളിൽനിന്നും കാരചെമ്മീന് വാങ്ങുന്നത് നിര്‍ത്തിവയ്ക്കുകയാണ്.
ചെറുകിടക്കാരില്‍നിന്നും കാരചെമ്മീനുകള് ശേഖരിച്ചിരുന്ന ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് ഈ നിർത്തിവയ്ക്കൽ. തല്ക്കാലം 31 വരെയാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അനിശ്ചിതമായി നീളാനാണ് സാധ്യത.
തമിഴ്നാട്ടില്‍ നിന്നുള്ള ഏജന്‍സിയാണ് കേരളത്തില്‍നിന്നും കാര ചെമ്മീന്‍ വ്യാപകമായി ശേഖരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വരെ തടസമൊന്നും ഇല്ലാതെ തമിഴ്നാട് ഏജന്‍സിയുടെ വാഹനങ്ങള്‍ കേരളത്തില്‍ നിന്നും കാരചെമ്മീന് കയറ്റിക്കൊണ്ട് പോയിരുന്നു. ഇതിനുശേഷം ഇന്നലെയാണ് വീണ്ടും ഇവര്‍ ലോഡ് എടുക്കാന്‍ എത്തിയത്.
ഏജന്‍സികള്‍ പ്രാദേശിക വിപണിയില്‍നിന്നും പിന്‍വാങ്ങുന്നതിനു മുമ്പായി തന്നെ ചെമ്മീനിന്റെ വിലയും ഇടിഞ്ഞു. ഒരു കിലോ തൂക്കം വരുന്ന കാരചെമ്മീനിന്റെ വില ശനിയാഴ്ച വരെ കിലോഗ്രാമിന് 1200 രൂപയായിരുന്നു. എന്നാല്‍ ഇന്നലെ ഇതിന്റെ വില 850 ആയി ഇടിയുകയാണ് ചെയ്തത്.
കോവിഡ് ബാധക്ക് ചൈനയില്‍ തുടക്കമിട്ടതോടെയാണ് ഞണ്ടുകളുടെ കയറ്റുമതി കുറഞ്ഞതും വിലയിടിഞ്ഞതും. അതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ കാരചെമ്മീനുകള്ക്കും സംഭവിച്ചിരിക്കുന്നത്.
വേനല്‍ക്കാല ചെമ്മീന്‍ കെട്ടുകള്‍ അവസാനിക്കാറായ സമയത്ത് വ്യാപകമായി വിളവെടുപ്പ് നടക്കുന്ന സമയമാണിത്. ഈ സമയത്ത് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് കാരചെമ്മീന് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും.