നേമം : പതിമൂന്നുവയസുകാരനെ ക്രൂരമായി മർദിച്ചവശനാക്കിയ സംഭവത്തിൽ കുട്ടിയുടെ ഇളയച്ഛനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും അമ്മയുമില്ലാത്തതിനാൽ അമ്മൂമ്മയുടെ സംരക്ഷണത്തിൽ കഴിഞ്ഞുവന്നിരുന്ന കുട്ടി സ്കൂൾ വിട്ടുവന്ന ശേഷം ട്യൂഷനു പോകാനൊരുങ്ങവെ മദ്യലഹരിയിലായിരുന്ന ഇളയച്ഛൻ അകാരണമായി മർദിക്കുകയും ഇരുന്പു ത്രാസ് പടിക്കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസികളെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
സംഭവത്തിനു ശേഷം സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതിയായ കാരാളി അനീഷ് എന്നു വിളിക്കുന്ന അനീഷ് (33)നെ പോലീസ് പിടികൂടിയത് ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിലിന്റെ നിർദേശാനുസരണം, നേമം ഇൻസ്പെക്ടർ കെ. പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ എസ്.എസ്. സജി, എസ്. വിമൽ, സിപിഒമാരായ ബിമൽ മിത്ര, അരുണ്‍, പി.എസ്. സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.