സിജോ പൈനാടത്ത്
കൊച്ചി: വ്യവസായങ്ങളുടെ നാടായ എറണാകുളം ജില്ലയിലാണു കേരളത്തിലെ ഏറ്റവും വലിയ കാവ് എന്നതു ചിലപ്പോൾ വിശ്വസിക്കാൻ പ്രയാസമാകും. ആലുവ-മൂന്നാർ റോഡിൽ (എഎം റോഡ്) പെരുന്പാവൂരിനും കുറുപ്പംപടിക്കും ഇടയിലുള്ള ഇരിങ്ങോൾ കാവ് കണ്ടാൽ അതിശയം അടക്കാനാവാതാകും. വിശ്വാസപരമായ പ്രാധാന്യത്തിനുമപ്പുറം 56 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഇരിങ്ങോൾ കാവ് ജൈവവൈവിധ്യങ്ങളുടെ അപൂർവക്കാഴ്ചകളും അനുഭവങ്ങളുമാണു സഞ്ചാരികൾക്കു സമ്മാനിക്കുന്നത്. അപൂർവ ഇനങ്ങൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു മരങ്ങളും ചെടികളും പക്ഷികളും ഇരിങ്ങോൾ കാവിൽ വളരുന്നു.
65 ഇനം പക്ഷിവർഗങ്ങൾ കാവിലുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലേറെയും വംശനാശഭീഷണി നേരിടുന്നവയാണ്. 34 ഇനം അപൂർവ സസ്യങ്ങൾ, ഔഷധച്ചെടികൾ എന്നിവയും കാവിന്റെ പ്രത്യേകത. പൈൻ, തന്പകം, ഇഞ്ച, ഞെരള, ഇലവ് തുടങ്ങിയവയ്ക്കൊപ്പം കൂറ്റൻ ആഞ്ഞിലിമരങ്ങളും മാവുകളും നിരവധി വള്ളിച്ചെടികളും വനത്തിലെ പോലെ ഇവിടെ വളരുന്നു.
ദൈവികമായ ഇടം എന്ന വിശ്വാസത്തിൽ കാവിന്റെ പരിസരങ്ങളിലെ മരങ്ങളോ ചെടികളോ നശിപ്പിക്കുന്നില്ല. കാറ്റിൽ മറിയുന്ന മരച്ചില്ലകൾ പോലും ശേഖരിക്കുന്ന പതിവില്ല. അവയെല്ലാം മണ്ണോടുതന്നെ ചേരണമെന്നു പഴമക്കാർ. മരങ്ങൾ മുറിക്കരുതെന്ന് ഓർമിപ്പിക്കുന്ന കെട്ടുകഥകളും ഇവിടത്തുകാർ പറയും. ഷഡ്പദങ്ങൾ, ഉരഗങ്ങൾ, പലയിനം പ്രാണികൾ എന്നിവയ്ക്കും കാവ് സുഖജീവിതമൊരുക്കുന്നു. കടുത്ത വേനലിലും വറ്റാത്ത നീരുറവകൾ ഇരിങ്ങോൾ കാവിന്റ സമൃദ്ധി വർധിപ്പി ക്കുന്നു.
ഇവിടെയുള്ള കുളം ഏതുസമയവും നിറഞ്ഞു കിടക്കുന്നു. വ്യത്യസ്ത ഇനം പക്ഷികളുടെ ശബ്ദങ്ങൾ ആസ്വദിച്ച്, ഇടതൂർന്നു വളരുന്ന ആയിരക്കണക്കിനു വൃക്ഷങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്നത് അനുപമമായ അനുഭവം തന്നെ. ഹൈന്ദവ വിശ്വാസപ്രകാരം ഭഗവതി ഇരുന്ന സ്ഥലം എന്നതിൽനിന്നാണ് ഇരിങ്ങോൾ എന്ന പേര് ഉത്ഭവിച്ചതെന്നാണ് ഐതിഹ്യം. കാവിനു നടുവിലുള്ള ഭഗവതിക്ഷേത്രത്തിൽ വിവാഹം പോലുള്ള ചടങ്ങുകൾ നടക്കാറില്ല.
പൂജയ്ക്കുള്ള താമര, തുളസി, ചെത്തി, കാവിൽനിന്നു തന്നെയുള്ള ചന്ദനവേരുകൾ എന്നിവ കാവിനകത്തുതന്നെയുണ്ട്. സമീപത്തെ നാഗഞ്ചേരി മന ഉൾപ്പെടെ 32 ഇല്ലങ്ങളുടെ ഉടമസ്ഥതയിലായിരുന്നു ആദ്യകാലത്ത് ഇരിങ്ങോൾ കാവ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വത്തിനാണു കാവിന്റെ ഉത്തരവാദിത്വം. പെരുന്പാവൂർ ടൗണിൽനിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഇരിങ്ങോൾ കാവിലെത്താം. സൗജന്യമായി ഏതു സമയത്തും കാവ് സന്ദർശിക്കാം.