ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പുരുഷന്മാർ കബഡി സെമിയിൽ പുറത്ത്. ഏഴ് തവണ സ്വർണം നേടിയ പുരുഷന്മാർ സെമിയിൽ ഇറാനു മുന്നിലാണ് കീഴടങ്ങിയത്. സ്കോർ: 18-27.
കബഡി മത്സര ഇനമായി ചേർക്കപ്പെട്ട 1990 ബെയ്ജിംഗ് ഏഷ്യൻ ഗെയിംസിൽ മുതൽ ഇന്ത്യക്കായിരുന്നു സ്വർണം. എന്നാൽ, ചരിത്രത്തിലാദ്യമായി ഇന്ത്യ ഇത്തവണ വെങ്കലത്തിൽ ഒതുങ്ങി. സെമിയിൽ കൊറിയയോട് പരാജയപ്പെട്ട പാക്കിസ്ഥാനും വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു.
ഇന്ത്യയെ കാഴ്ചക്കാരാക്കിയാണ് ഇറാൻ താരങ്ങൾ കളത്തിൽ തകർത്തുവാരിയത്. 2014ൽ ഇഞ്ചിയോണ്‍ ഗെയിംസിന്റെ ഫൈനലിൽ ഇറാനെ ശക്തമായ പോരാട്ടത്തിലൂടെ കീഴടക്കിയായിരുന്നു ഇന്ത്യ സ്വർണം നേടിയത്. കബഡിയിലെ ഏഷ്യൻ ശക്തികളിലൊന്നായ ഇറാൻ കഴിഞ്ഞ രണ്ട് ഗെയിംസിലും വെള്ളിയിലൊതുങ്ങിയിരുന്നു. ഇത്തവണ സ്വർണ പോരാട്ടത്തിൽ ഇറാൻ കൊറിയയെ നേരിടും.
പ്രോ കബഡി ലീഗ് താരങ്ങളുടെ കൊന്പുകോർക്കലായിരുന്നു ഇന്ത്യ – ഇറാൻ പോരാട്ടം. ഫസെൽ അട്രാചായ്, അബോസർ മിഗ്ഹാനി എന്നീ പ്രോ ഇന്ത്യ കബഡി താരങ്ങൾ ഇറാന്റെ കരുത്തായി. ഇന്ത്യക്കൊപ്പം അജയ് ഠാക്കൂർ, പർദീപ് നർവാൾ, രാഹുൽ ചൗധരി, ദീപക് നിവാസ് ഹൂഡ എന്നിവരും പ്രോ കബഡി ലീഗ് കളിക്കാരാണ്.
മത്സരത്തിന്റെ തുടക്കത്തിൽ 6-4ന്റെ ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. തുടർന്ന് 8-8ലും 9-9നും ഇറാൻ ഒപ്പം പിടിക്കുകയും പതുക്കെ ആധിപത്യം സ്ഥാപിക്കുകയുമായിരുന്നു.അതേസമയം, വനിതാ കബഡിയിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ചൈനീസ് തായ്പേയിയെ 27-14നാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്.