തൃശൂർ : മലക്കപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാന കബാലിയെ പ്രകോപിപ്പി്ച്ച യുവാവിനെ കണ്ടെത്താൻ ഉൗർജിത അന്വേഷണവുമായി വനംവകുപ്പ്.
കബാലിയെ യുവാവ് പ്രകോപിപ്പിച്ചതിനെ തുടർന്ന് ആന അക്രമാസക്തനാവുകയും വിനോദസഞ്ചാരികളുടെ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
പ്രകോപിതനായ ആനയുടെ ആക്രമണത്തിൽനിന്ന് വിനോദസഞ്ചാരികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അന്പലപ്പാറ ഗേറ്റിന് സമീപം വെച്ച് ഇന്നലെ രാത്രിയായിരുന്നു വിനോദസഞ്ചാരികളടക്കമുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം.
രാത്രിയിൽ വിനോദസഞ്ചാരികൾ അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ ഭാഗത്തേക്കു പോകുന്ന സമയത്താണ് അന്പലപ്പാറ കഴിഞ്ഞു പെൻസ്റ്റോക്കിന് മുൻപ് കാടിനകത്ത് നിന്നും കബാലി എന്നറിയപ്പെടുന്ന കാട്ടാന വാഹനങ്ങൾക്ക് മുന്പിലേക്ക് ഇറങ്ങി വന്നത്.
റോഡിന് ഒരു വശത്ത് ആന നിന്നതോടെ വാഹനങ്ങൾ ഒന്നും മുൻപോട്ടു പോകാതെ നിർത്തിയിട്ടു. ആന റോഡിൽ തടസം സൃഷ്ടിച്ച് നിൽക്കുന്നത് കണ്ട് നിർത്തിയിട്ട വാഹനങ്ങളിലൊന്നിൽ നിന്നും ഒരു യുവാവ് പുറത്തിറങ്ങുകയും തുടർന്ന് ആനയുടെ അടുത്തുചെന്ന് ആനയോടു നീങ്ങാനും വഴിമാറാനും ബഹളംവെക്കുകയുമായിരുന്നു.
കൈകൾ കൊണ്ട് ആനയോട് മാറാനുള്ള ആംഗ്യം കാണിക്കുകയും ചെയ്തു. ഇതോടെ ആന പ്രകോപിതനായി. തുടർന്ന് ആന നിർത്തിയിട്ടിരുന്ന വിനോദസഞ്ചാരിയുടെ കാർ കുത്തി ഉയർത്താനും ശ്രമിച്ചു.
ഈ സമയത്ത് അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് അവിടേക്ക് എത്തി.ഈ ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചേർന്ന് ബഹളം വെച്ചതിനെ തുടർന്നാണ് കാർ കുത്തി ഉയർത്തുന്നതിൽനിന്ന് ആന പിന്മാറിയത്.
അതിനു ശേഷവും ആന സ്ഥലത്ത് തുടർന്നു. അപ്പോഴും നേരത്തെ ബഹളംവെച്ച യുവാവ് പ്രകോപനം തുടർന്നു. പിന്നെയും കുറച്ചുനേരം കഴിഞ്ഞാണ് കബാലി തിരികെ കാടു കയറിയത്.
ആനയെ പ്രകോപിപ്പിച്ച യുവാവിന്റെ ദൃശ്യങ്ങൾ വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കാട്ടാനയെ പ്രകോപ്പിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. സെപ്തംബറിൽ മുതുമലയിൽ റോഡരികിൽ വെച്ച് കാട്ടാനയെ ശല്യം ചെയ്തതിന് രണ്ടു മലയാളിയുവാക്കൾക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തിയിരുന്നു.