വെറുതേ പോലും അങ്ങനെ ചെയ്യൂല്ല! കബാലി കേക്കുകള്‍ക്ക് വന്‍ഡിമാന്‍ഡ്, രജനിയണ്ണന്റെ മുഖം മുറിക്കാന്‍ വയ്യാത്തതിനാല്‍ കേക്കുകള്‍ ഫ്രിഡ്ജിനുള്ളില്‍ത്തന്നെ…

kabalicakeതീയറ്ററുകളില്‍ നിന്ന് കബാലിയുടെ ആഘോഷം ബേക്കറികളിലേക്കും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലേക്കും!! തമിഴ്‌നാട്ടിലെമ്പാടും കബാലി കേയ്ക്കുകള്‍ ബേക്കറിയിലും കബാലി ഷര്‍ട്ടുകള്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഹിറ്റായിക്കൊണ്ടിരിക്കുന്നു. കബാലി എഡിഷന്‍ കാറും എയര്‍ ഏഷ്യയിലെ യാത്രയുമൊക്കെ പണക്കാര്‍ക്ക് മാത്രം സാധ്യമാകുമ്പോള്‍ ഏതു സാധാരണക്കാരനും കബാലിയുടെ ആഘോഷത്തില്‍ പങ്കുചേരാനാണ് കബാലി കേക്കും കബാലി ഷര്‍ട്ടും തമിഴ്‌നാട്ടിലെ വിപണിയിലെത്തിയിരിക്കുന്നത്.

കബാലിയുടെ റിലീസിനും മാസങ്ങള്‍ക്ക് മുമ്പേ കബാലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയപ്പോള്‍ തന്നെ തമിഴ്‌നാട്ടിലെ പല പ്രമുഖ ബേക്കറികളിലും കബാലീശ്വരന്റെ മുഖം ഐസിംഗില്‍ ആലേഖനം ചെയ്ത കേക്കുകള്‍ വിപണിയിലിറങ്ങിയിരുന്നു. ചിത്രം റിലീസ് ചെയ്തതോടെ കബാലി കേക്കുകള്‍ക്ക് ഡിമാന്റ് കൂടിയെന്നാണ് ബേക്കറി ഉടമകള്‍ പറയുന്നത്.

കബാലി കേക്ക് വാങ്ങുന്ന ആരാധകര്‍ കേക്ക് മുറിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും തങ്ങളുടെ അണ്ണന്റെ മുഖം മുറിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും അതുകൊണ്ടു തന്നെ കബാലി കേക്കുകള്‍ ഇപ്പോഴും കത്തിതൊടാതെ പല ആരാധകരുടേയും വീട്ടിലെ ഫ്രിഡ്ജില്‍ സുരക്ഷിതമായി ഇരിക്കുകയാണെന്നും കോയമ്പത്തൂരിലെ ഒരു ബേക്കറി ഉടമ പറഞ്ഞു.  പല പ്രമുഖ ബേക്കറി കമ്പനികളും കബാലി കേക്ക് വിപണിയിലെത്തിച്ചിട്ടുണ്ട്. കബാലിയില്‍ രജനീകാന്ത് ധരിച്ചിരിക്കുന്ന ഷര്‍ട്ട് കബാലി ഷര്‍ട്ട് എന്ന പേരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലെത്തിയിട്ടുണ്ട്. ചൂടപ്പം പോലെയാണ് ഇവ വിറ്റുപോകുന്നത്. ചിത്രത്തിന്റെ ടീസറില്‍ രജനീകാന്ത് പഴയകാലത്തെ ഒരു ഷര്‍ട്ട് ധരിച്ച് വരുന്ന രംഗമുണ്ട്. ആ ഷര്‍ട്ടാണ് കബാലി ഷര്‍ട്ട് ട്രെന്റായിരിക്കുന്നത്. യുവാക്കളാണ് കബാലി ഷര്‍ട്ടിന്റെ ആവശ്യക്കാര്‍. രജനീകാന്തിന്റെ ആദ്യകാല ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ആ രംഗത്തിലെ ഷര്‍ട്ടിന്റെ അതേ പാറ്റേണിലുള്ള ഷര്‍ട്ടുകളാണ് വില്‍പ്പനക്കെത്തിയിട്ടുള്ളത്.

കബാലീശ്വരന്‍ ധരിച്ചിട്ടുള്ള സ്യൂട്ടുകള്‍ കബാലി സ്യൂട്ടുകള്‍ എന്ന പേരില്‍ ചിലയിടങ്ങളില്‍ വില്‍ക്കുന്നുണ്ട്.  കബാലിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ടീഷര്‍ട്ടുകളും വിപണിയില്‍ സുലഭമാണ്. കബാലി ഫീവര്‍ തമിഴ്‌നാട്ടില്‍ പടരുമ്പോള്‍ അതിനെ എങ്ങനെ ഫലപ്രദമായി വിപണനം ചെയ്യാമെന്നാലോചിച്ച് തലപുകയ്ക്കുകയാണ് തമിഴ്‌നാട് വിപണി. കബാലി ഷര്‍ട്ടുകളും കബാലി കേക്കുകളും കേരളത്തലേക്ക് വാങ്ങിക്കൊണ്ടുവരുന്നവരുമുണ്ട്. തമിഴ്‌നാട്ടിലെ മൊബൈല്‍ ഫോണുകളില്‍ ഇപ്പോള്‍ ഹിറ്റായി മാറിയ റിംഗ് ടോണും കോളര്‍ ടോണും ഒന്നാണ്…കബാലിഡാാ!!

Related posts