കൊച്ചി: ആഡംബര വേഷത്തിലെത്തി വയോധികയെ കബളിപ്പിച്ചു മാല തട്ടിയ സംഭവത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. കലൂർ സെന്റ് ഫ്രാൻസീസ് പള്ളി പരിസരത്ത് വച്ചായിരുന്നു സംഭവം. മരിച്ചു പോയ അമ്മയെ പോലെയാണെന്നു പറഞ്ഞ് അടുത്തു കൂടിയാണ് പ്രതി കലൂർ കീറ്റുപറന്പിൽ എൽസി സേവ്യർ എന്ന എഴുപത്തെട്ടുകാരിയുടെ മാല കവർന്നത്. സെന്റ് ഫ്രാൻസീസ് പള്ളിയിൽ കുർബാന കഴിഞ്ഞ് ഇറങ്ങുന്പോഴായിരുന്നു സംഭവം.
എൽസിയോടൊപ്പം സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീ തന്റെ മോതിരം ഉൗരി നൽകുകയും എൽസിയുടെ സഹോദരി റെജിക്കു കുറച്ചു പണവും നൽകി. കൂടാതെ, ഭർത്താവിന്റെ ചികിത്സയ്ക്കു സഹായവും വാഗ്ദാനവും ചെയ്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണെന്നും കതൃക്കടവിലാണ് താമസമെന്നുമാണു പറഞ്ഞിരുന്നത്.
വീട്ടിൽനിന്ന് എൽസിയോടൊപ്പം പുറത്തേക്കിറങ്ങിയ സ്ത്രീ തന്റെ കഴുത്തിലെ വലിയ മാല എൽസിയുടെ കഴുത്തിലിട്ടു കൊടുത്തു. ഇതിനു പകരം എൽസിയുടെ കഴുത്തിലെ മൂന്നു പവനോളം വരുന്ന മാല വാങ്ങിയിട്ടു. താത്കാലികമായി വാങ്ങിയതാണെന്നും അടുത്തദിവസം തന്നെ തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. കബളിപ്പിച്ച ശേഷം സ്ത്രീ കാറിൽ പോയി.
അടുത്ത ദിവസം ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതായി എൽസിക്കു മനസിലായത്. കലൂരിൽ മോഷണം നടത്തിയ സ്ത്രീ ആഡംബര വേഷത്തിൽ കറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണു പോലീസിനു ലഭിച്ചിട്ടുള്ളത്.
സമാനമായ രീതിയിൽ ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ടെന്നും എത്രയും വേഗം പ്രതിയെ പിടികൂടുമെന്നു നോർത്ത് പോലീസ് അറിയിച്ചു.