ഇരിട്ടി: മലയാളിയായ സി.പി. മൊയ്തീൻ നേതൃത്വം നല്കുന്ന മാവോയിസ്റ്റ് കബനി ദളത്തിൽ പൊട്ടിത്തെറി. വിക്രംഗൗഡയ്ക്ക് പിന്നാലെ കബനി ദളത്തിലെ സജീവ പ്രവർത്തകയായ മാവോയിസ്റ്റ് ജിഷയും കർണാടക മാവോയിസ്റ്റ് ഗ്രൂപ്പിലേക്ക് ചേക്കേറിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. വിക്രംഗൗഡ രൂപീകരിച്ച കബനിദളം-രണ്ടിലാണ് ജിഷയുടെ പ്രവർത്തനം,
മാർച്ച് 23 നും ഏപ്രിൽ നാലിനും ദക്ഷിണ കർണാടകയിലെ സുബ്രഹ്മണ്യപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിൽ ജിഷയും ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 23ന് എത്തിയ നാലംഗസംഘത്തിൽ വിക്രം ഗൗഡ, രവീന്ദ്രൻ, ലത എന്നിവർക്ക് ഒപ്പമായിരുന്നു ജിഷ എത്തിയത്.
ഏപ്രിൽ നാലിന് എത്തിയ സംഘത്തിലെ ആറുപേരിൽ 23ന് എത്തിയ നാലുപേർക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.കേരളത്തിലെ വനമേഖലയിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അംഗങ്ങൾ തന്നെയാണോ ഇവരെന്ന അന്വേഷണത്തിലാണ് പോലീസ്.
വിക്രം ഗൗഡയുടെ നേതൃത്വത്തിൽ കർണാടകയിൽ “കബനി ദളം -2′ ഗ്രൂപ്പായി ഇവർ പ്രവർത്തിച്ചു തുടങ്ങിയതായും പോലീസ് സംശയിക്കുന്നു. ഇതോടെ കേരളത്തിലെ വനമേഖലയിൽ പ്രവർത്തിച്ചു വന്ന കബനി ദളത്തിന്റെ ശക്തി ക്ഷയിച്ചതായും മൊയ്തീൻ, സോമൻ, സന്തോഷ്, മനോജ് എന്നിവരിലേക്ക് ഒതുങ്ങിയെന്നുമാണ് പോലീസിന്റെ നിഗമനം .