എടക്കര: സിമന്റ് ഇടപാടിലൂടെ മൂന്ന് പേരെ കബളിപ്പിച്ച് ബൈക്കും പതിനയ്യായിരം രൂപയുമായി യുവാവ് കടന്നുകളഞ്ഞു. ചുങ്കത്തറ മുളന്തല സ്വദേശി പോർട്ടർ ബാബു, ചന്തക്കുന്നിലെ സിമന്റ് വ്യാപാരി, പിക്ക് അപ് ലോറി ഡ്രൈവർ എന്നിവരാണ് കരാറുകാരനെന്ന് പരിചയപ്പെടുത്തിയെത്തിയ തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന യുവാവിന്റെ തട്ടിപ്പിനിരകളായത്.
ബുധനാഴ്ച അഞ്ച് വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാൾ കരാറുകാരനാണെന്ന് പരിചയപ്പെടുത്തി മുളന്തലയിലെ ബാബുവിനെ സമീപിക്കുന്നത്.
ബാബുവിന് വീടിന്റെ പ്രവർത്തി നടക്കുന്നുകൊണ്ടിരിക്കുകയാണ്. പണി സൈറ്റിൽ സിമന്റ് ബാക്കി വന്നുവെന്നും, ആവശ്യമുണ്ടെങ്കിൽ ചാക്കിന് എഴുപത് രൂപ കുറച്ച് നൽകാമെന്ന വാഗ്ദാനവുമായാണ് ഇയാളെത്തിയത്. കച്ചവടമുറപ്പിച്ച ശേഷം ആറരയോടെ പിക്ക്അപ് ലോറിയിൽ അറുപത് ചാക്ക് സിമന്റുമായി യുവാവെത്തി.
സിമന്റ് ഇറക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ പണിക്കാർക്ക്് കൂലി കൊടുക്കണമെന്നും ഉടൻ വരാമെന്നും പറഞ്ഞ് ബാബുവിന്റെ കയ്യിൽനിന്നും പതിനയ്യായിരം രൂപ വാങ്ങി ബാബുവിന്റെ യുണികോണ് ബൈക്കുമായി ഇയാൾ മുങ്ങുകയായിരുന്നു.
ബാബുവിന് സംശയം തോന്നാതിരിക്കാൻ പിക്കഅപ് ലോറി ഡ്രൈവറെ ഒപ്പം കൂട്ടുകയും ഇയാളെ തന്ത്രത്തിൽ അങ്ങാടിയിൽ ഇറക്കി വിടുകയും ചെയ്തു.
ഏറെനേരം കാത്തിരുന്നശേഷം ഡ്രൈവർ മടങ്ങിയെത്തിയതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. ചന്തക്കുന്നിലെ സിമന്റ് വ്യാപാരിയിൽ നിന്നും അറുപത് ചാക്ക് സിമന്റ് പണം കൊടുക്കാതെയാണ് ഇയാൾ പിക്ക്അപ്പിൽ കയറ്റിയത്.
പണം ഡ്രൈവറുടെ പക്കൽ കൊടുത്തുവിടാമെന്ന് വ്യാപാരിയെ ധരിപ്പിച്ച് ബില്ലും ഇയാൾ വാങ്ങിയിരുന്നു. കബളിപ്പിക്കപ്പെട്ടവരുടെ പരാതിയിന്മേൽ എടക്കര പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.