കന്നാസിനെയും കടലാസിനെയും മറക്കാനാകുമോ മലയാളികള്‍ക്ക്… കാബൂളിവാല എന്ന ചിത്രത്തില്‍ ഇന്നസെന്റും ജഗതി ശ്രീകുമാറും തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങളായിരുന്നു കന്നാസും കടലാസും.
എന്നാല്‍ കടലാസ് എന്ന കഥാപാത്രം ചെയ്യാന്‍ നടന് ജഗതി ആദ്യം സമ്മതിച്ചില്ലെന്ന് ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഇന്നസെന്റ് ചിത്രത്തിന്റെ പിന്നാമ്പുറ കഥകള്‍ പങ്കുവച്ചത്.1994-ല്‍ സിദ്ദിഖ്-ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഹിറ്റ് ആയിരുന്നു.
കടലാസ് എന്ന കഥാപാത്രത്തെക്കുറിച്ച് ജഗതിയോട് പറഞ്ഞപ്പോള്‍ തനിക്കുപറ്റില്ലെന്നും കുറച്ചു തിരക്കുകള്‍ ഉണ്ടെന്നുമാണ് നടന് പറഞ്ഞത്. നമ്മള് ഈ സിനിമ ചെയ്യുമെന്നും അതില്‍ കന്നാസ് നിങ്ങള്‍ തന്നെയാണെന്നും എന്നോട് സിദ്ദിഖ്-ലാല്‍ പറഞ്ഞു. കടലാസിന് പകരം ഒരാളെ മനസില്‍ കാണുന്നുണ്ട്.
എന്നാല്‍ അതിന് മുമ്പ് ഇന്നസെന്റ് ചേട്ടന് ജഗതിച്ചേട്ടനോട് ഒന്നു സംസാരിക്കണം. സംവിധായകരായ നിങ്ങളല്ലേ ജഗതിയോട് ഇക്കാര്യം പറയേണ്ടത് എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ഇന്നസെന്റിനോടു വാക്ക് പറഞ്ഞാല്‍ ജഗതിച്ചേട്ടന് പിന്മാറില്ലെന്ന് വിശ്വാസമുണ്ടായിരുന്നു.
അതിനാലാണ് അവര്‍ ഇക്കാര്യം ജഗതിയോട് പറയാന്‍ എന്നെ ഏല്‍പ്പിച്ചത്. അങ്ങനെ ഞാന്‍ ജഗതിയോട് കാര്യം പറഞ്ഞു. നമ്മുടെ ജീവിതത്തിലൊരിക്കലും ഇനി ഇതു പോലൊരു കഥാപാത്രം ചെയ്യാന്‍ പറ്റില്ല. ഒരു ചാക്കും തോളിലിട്ട്, ഒരു മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച് ഈ പ്രായത്തില്‍ നടക്കാന്‍ പറ്റുമോ.
ഇങ്ങനെയൊരു കഥയും കഥാപാത്രവും ഇനി കിട്ടില്ല എന്നും ഞാന്‍ പറഞ്ഞു. ദുബായില്‍ എന്തോ പ്രോഗ്രാം ഏറ്റു പോയെന്നും അതു കഴിഞ്ഞ് വന്ന് സിനിമ ചെയ്യാമെന്നും ജഗതി പറഞ്ഞു. നിനക്ക് ചെയ്യാന്‍ പറ്റുമോ? ഇല്ലെങ്കില്‍ വേറെ ആള് ഈ റോള്‍ ചെയ്യുമെന്ന് പറഞ്ഞു.
അപ്പോള്‍ ജഗതിക്ക് മനസിലായി, ഈ റോള്‍ അവന് ചെയ്യേണ്ടതാണെന്ന്. അങ്ങനെ ഈ കഥാപാത്രം ചെയ്യാമെന്ന് ജഗതി സമ്മതിച്ചു . -ഇതേക്കുറിച്ച് ഇന്നസെന്റ് പറയുന്നത് ഇങ്ങനെയാണ്.
-പിജി