പറവൂർ: പറവൂർ കച്ചേരി മൈതാനം മോഡി പിടിപ്പിച്ചതിലെ അപാകതയും അഴിമതിയും വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐ പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും 5,000 കത്തുകൾ അയക്കുന്നു.
ആറുവർഷം മുമ്പ് ടൂറിസം വകുപ്പിൽ നിന്ന് രണ്ടര കോടി രൂപ ചെലവ് ചെയ്താണ് കച്ചേരി മൈതാനം സൗന്ദര്യവൽക്കരണ നിർമ്മാണം നടത്തിയത്. പ്രവർത്തികളുടെ തുടക്കത്തിൽ തന്നെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി സിപിഐയും പോഷക സംഘടനകളും നിരന്തര സമരം നടത്തിയിരുന്നു.
പണി പൂർത്തിയാക്കി ആറുമാസം തികയുന്നതിന് മുമ്പേ മൈതാനത്ത് വിരിച്ച ടൈലുകൾ പൊട്ടിപൊളിയുകയും മഴക്കാലം ആയതോടെ വഴിയാത്രക്കാർ തെന്നി വീഴുന്നതും ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി.
എംഎൽഎയുടെ വഴിവിട്ട ഇടപെടലും അഴിമതിയുമാണ് നിർമാണ പ്രവർത്തനങ്ങളുടെ തകർച്ചക്ക് കാരണമായതെന്നാണ് സിപിഐ ആരോപണമായി ഉന്നയിക്കുന്നത്.
ഈ ആക്ഷേപം ഉന്നയിച്ച് ഇന്ന് പാർട്ടി മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നും 5,000 കത്തുകൾ അയക്കുന്നതെന്ന് മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ പറഞ്ഞു. കത്തയക്കൽ സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു.
തുടർന്ന് എസ്. ശ്രീകുമാരി, കമല സദാനന്ദൻ, കെ.എം. ദിനകരൻ, കെ.ബി. അറുമുഖൻ, എ.കെ. സുരേഷ് തുടങ്ങിയ നേതാക്കളും കത്തുകൾ അയച്ചു.