കുമരകം: പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ നെല്ല് വിൽക്കാൻ കർഷകന് ഏറെ നാൾ കാത്തിരിക്കണമെങ്കിലും കച്ചി വാങ്ങാൻ ആവശ്യക്കാരേറെ. മുൻകാലങ്ങളിൽ കച്ചിക്ക് ഒരുരൂപപോലും ലഭിക്കാതിരുന്നിടത്ത് ഇത്തവണ ഏക്കറിന് 500 രൂപ!
കൊയ്ത്ത് മെഷീൻ ഉപയോഗിക്കുന്പോൾ നിരന്നുകിടന്ന് നശിച്ചിരുന്ന കച്ചി ഇപ്പോൾ യന്ത്രം ഉപയോഗിച്ച് കെട്ടുകളാക്കി വിൽക്കുകയാണ്. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലായി കിടക്കുന്ന 1200 ഏക്കർ എംഎൻ ബ്ലോക്കിലെ വെളിയം ഭാഗത്തെ 140 ഏക്കറിലെ കൊയ്ത്ത് അവസാനിച്ചിട്ട് ദിവസങ്ങളായെങ്കിലും നെല്ല് സംഭരണം പൂർത്തിയായിട്ടില്ല. എന്നാൽ കച്ചി മുഴുവനും വിറ്റുകഴിഞ്ഞു.
നെല്ലിന് മില്ലുകാരുടെ ബ്രോക്കർമാർ ക്വിന്റലിന് അഞ്ചുകിലോ കിഴിവ് ആവശ്യപ്പെട്ടതോടെയാണ് സംഭരണം പ്രതിസന്ധിയിലായത്. വേനൽ കടുത്തതോടെ പച്ചപ്പുല്ല് ലഭിക്കാതായപ്പോൾ കച്ചിയുടെ ഡിമാൻഡ് വർധിച്ചിരിക്കുകയാണ്. ലോറി എത്താത്ത പാടങ്ങളിലെ കച്ചിപോലും വാങ്ങാൻ ആളുണ്ട്.