കുമരകം: പ്രളയം മൂലം ജില്ലയിൽ ക്ഷീരവികസന വകുപ്പിന് 65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പാൽ സംഭരണത്തിൽ മൂവായിരം ലിറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. 60,000 രൂപ വിലയുള്ള ഒന്പതു പശുക്കളും രണ്ട് കിടാരികളും രണ്ട് കന്നുകിടാക്കളും ചത്തു. കടുത്തുരുത്തിയിൽ പാട വരന്പത്തു നിന്ന് ഒരു പശുവിനെ കാണാതായിട്ടുണ്ട്.
ജില്ലയിൽ വൈക്കം താലൂക്കിൽ ആറ് മൃഗ സംരക്ഷണ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. വൈക്കം മറവൻതുരുത്തിലെ ക്യാന്പിൽ 25 ഉം ഉദയനാപുരത്തെ ക്യാന്പിൻ 20 ഉം ചെന്പ് ക്യാന്പിൽ 20-ഉം ഏനാദിയിൽ 20-ഉം ബ്രഹ്മമംഗലത്ത് 25 – ഉം കൂട്ടുമ്മേൽ 30 ഉം മൃഗങ്ങളേയും സംരക്ഷിക്കുന്നു.
കടുത്തുരുത്തി, മാടപ്പള്ളി ,പള്ളം ,ഏറ്റുമാനുർ ,ഈരാറ്റുപേട്ട, എന്നിവിടങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ വിവിധ ഇനം നാൽക്കാലികളെ എത്തിച്ച് സംരക്ഷിച്ചു വരുന്നു ഇവിടങ്ങളിലെല്ലാം ക്ഷീരവികസന വകുപ്പ് വൈക്കോലും കാലിത്തീറ്റകളും എത്തിച്ച നൽകുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
കേരളാ ഫീഡ്സിന്റെ പെല്ലറ്റ് കാറ്റിൽ ഫീഡ് 400 ചാക്ക് വിതരണം നടത്തി .50 കിലോഗ്രാം വീതമുള്ള ഓരോ ചാക്കിനും 1300 രൂപ സബ്സിഡി നൽകിയാണ് എത്തിച്ചു കൊടുത്തത്. അടുത്ത ദിവസങ്ങളിൽ അഞ്ച് ബ്ലോക്കിലും റ്റി എം ആർ (റ്റോട്ടൽ മിക്സ്ഡ് റേഷൻ) ബ്ലോക്കുകൾ വിതരണം ചെയ്യാൻ ഓർഡർ നൽകിയതായും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റ്റി.കെ.അനികുമാരി അറിയിച്ചു.
കിലോയ്ക്ക് 21 രൂപ വിലയുള്ള റ്റി എം ആർ ബ്ലോക്കുകൾ 20 രൂപ സബ്സിഡി നൽകിയാണ് ക്ഷീര കർഷകർക്കു നൽകുക. ഇത്തവണത്തെ പ്രളയം 1800 ക്ഷീര കർഷകർക്ക് വലിയ നഷ്ടം ഉണ്ടാക്കിയതായും കണക്കാക്കുന്നു.