അനിൽ എടത്വ
എടത്വ: കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തെ വൈക്കോൽ കെട്ടുകളാക്കുന്ന യന്ത്രം ബെയ്ലർ കർഷകർക്ക് പ്രിയങ്കരനാകുന്നു. ബെയ്ലർ പാടശേഖരങ്ങൾ കീഴടക്കാൻ എത്തിയതോടെ കൊയ്ത്തു കഴിഞ്ഞ് പാടം തീയിട്ട് കത്തിച്ചു കളയുന്ന കാലവും കഴിയുന്നു. ഒരോ നെൽക്കതിരുകളും കച്ചിയാകുന്നതോടെ അത് സ്വന്തമാക്കാൻ ആവശ്യക്കാരും ഏറെയായതോടെ വൈക്കോലിനും ഡിമാന്റായി.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തെ വൈക്കോൽ ശേഖരിക്കാൻ തൊഴിലാളികളെ കിട്ടാതെ വന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് ബെയ്ലർ യന്ത്രത്തിന്റെ വരവ്. കഴിഞ്ഞ വർഷമാണ് ബെയ്ലർ കുട്ടനാടൻ പാടശേഖരങ്ങളിലെത്തുന്നത്. കഴിഞ്ഞവർഷം ചില പാടങ്ങളിൽ വൈക്കോൽ കെട്ടിയിരുന്ന ബെയ്ലർ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ഇത്തവണ സജീവമായിക്കഴിഞ്ഞു.
ആളുകൾ പാടശേഖരത്ത് ഇറങ്ങി കൊയത്ത് സജീവമായിരുന്ന കാലത്ത് നല്ല വൈക്കോൽ കിട്ടിയിരുന്നു. പിന്നീട് കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വൈക്കോൽ പാഴായി കൊണ്ടിരുന്നത്. വൈക്കോൽ പാഴാക്കാതെ കെട്ടുകളാക്കുന്ന യന്ത്രം പാടത്തിറക്കി ട്രാക്ടറിൽ ഘടിപ്പിച്ച യന്ത്രമാണ് ബെയ്ലർ. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്ന് യന്ത്രം ഉപയോഗിച്ച് കെട്ടുകളാക്കി എടുക്കുകയാണ് ചെയ്യുന്നത്.
യന്ത്രം കൊയ്തിട്ടിരിക്കുന്ന വൈക്കോലിനു മുകളിലൂടെ ഓടിക്കുന്പോൾ പ്രൊപ്പല്ലറിൽ ചുറ്റി കെട്ടുകെട്ടായി തീരും. ഒരു മണിക്കൂർ കൊണ്ട് 60 കെട്ടുകൾ വരെ തയാറാക്കും. 22 കിലോ വീതമുള്ള കെട്ടുകളാക്കിയാണ് വൈക്കോൽ മാറ്റുന്നത്. ഒരു ഹെക്ടറിലെ വൈക്കോൽ വിറ്റാൽ 12,500 രൂപ കർഷകർക്ക് ലഭിക്കും. വൈക്കോലിന് നല്ല ചെലവാണെന്ന് കർഷകരും പറയുന്നു.
പശുഫാം, കൂണ് വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യക്കാർ ഏറെയും വരുന്നത്. ചെറിയ കെട്ടുകളായതിനാൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകാനും അതുപോലെ തുറുവാക്കേണ്ട ആവശ്യവുമില്ല. തൊഴുത്തിലോ ടെറസിലോ മഴയും വെയ്ലും ഏൽക്കാതെ എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചുവെക്കാനും ബെയ്ലർ കച്ചിക്കു കഴിയും. തൃശൂർ, പാലക്കാട് എന്നിവടങ്ങളിൽ നിന്നുമായി നൂറുകണക്കിന് യന്ത്രങ്ങളാണ് വിവിധ പാടശേഖരങ്ങളിൽ എത്തിയിട്ടുള്ളത്.
സർക്കാരോ, ക്ഷീരവികസന വകുപ്പോ മുൻകൈയെടുത്ത് ഈ കച്ചി സംഭരിച്ചുവെച്ചാൽ ക്ഷീരകർഷകർക്ക് ഏറെ പ്രയോജനപ്പെടുകയും പാൽ ഉത്പാദനം വർധിപ്പിക്കാൻ കാരണമാകുകയും ചെയ്യും.തൊഴിലാളികൾ കൊയ്തെടുക്കുന്ന വൈക്കോൽ ആവശ്യത്തിനു ലഭിക്കാതായതോടെയും, പുല്ലിന്റെ കടുത്തക്ഷാമവും, കാലിത്തീറ്റയുടെ ക്രമാതീതമായ വിലവർധനയും യന്ത്രത്തിലൂടെ ലഭിക്കുന്ന വൈക്കോലിനു പ്രിയമേറാൻ കാരണമായത്.
പതിറ്റാണ്ടുകൾക്ക് മുന്പ് തമിഴ്നാട്ടിൽനിന്നും ഏജന്റുമാരെത്തി വൈക്കോൽ കൊയ്ത്തിനു മുന്പേ കരാർ എടുക്കുകയും പിന്നീട് കൊയ്ത്ത് കഴിയുന്നതോടെ തിരി പിരിക്കുന്ന വിദഗ്ധ സംഘത്തെ എത്തിച്ച് തിരിയാക്കിക്കൊണ്ട് പോവുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ യന്ത്രക്കൊയ്ത്ത് ആരംഭിച്ചതോടെ ഇത്തരം സംഘങ്ങളുടെ വരവും നിലച്ചു.
ഇതോടെ കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളിൽ തന്നെ വൈക്കോൽ കൂന കൂടി കിടക്കുകയും നിശ്ചിത സമയപരിധി കഴിയുന്നതോടെ തീയിട്ടു നശിപ്പിക്കുകയുമായിരുന്നു. ഈ തീ പടർന്നു പിടിച്ച് വിളവെടുപ്പിനു പാകമായി കിടക്കുന്ന നെല്ല് കത്തി നശിക്കുകയും സമീപപുരയിടത്തിൽ തീ പടർന്ന സംഭവവും നിരവധിയായിരുന്നു.