പരിയാരം: ഔഷധിയുടെ പരിയാരത്തെ ഔഷധതോട്ടത്തിൽ കച്ചോല കൃഷിയും. കാടുപിടിച്ചുകിടന്ന 35 ഏക്കർ സ്ഥലത്താണ് കച്ചോലം കൃഷിചെയ്തിരിക്കുന്നത്. ആയുർവേദ ഔഷധ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള കച്ചോലം ശാസ്ത്രീയമായ രീതിയിലാണ് മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിന് മുന്നിലായി കടന്നപ്പള്ളി റോഡരികിലുള്ള തോട്ടത്തിൽ കൃഷിചെയ്തിരിക്കുന്നത്. നിലത്ത് മണ്ണോട് പറ്റിച്ചേർന്നുവളരുന്ന ചെടിയാണ് കച്ചോലം.
വൃത്താകൃതിയിലോ ദീർഘാകൃതിയിലോ സാമാന്യം വലിപ്പമുള്ള ഇലകളാണ് ഇതിന്റേത്. മണ്ണിനടിയിലുണ്ടാകുന്ന സുഗന്ധമുള്ള കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഇഞ്ചിയുടെ കുടുംബത്തിൽപ്പെടുന്ന കച്ചോലം നല്ല ജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണിൽ തഴച്ചുവളരും. പ്രവർത്തനമാരംഭിച്ച് കാൽനൂറ്റാണ്ട് പിന്നിടുന്ന പരിയാരം ഔഷധിയിൽ രണ്ടുവർഷം മുമ്പ് ആരംഭിച്ച നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വിപുലമായതോതിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നത്.
കച്ചോലം കൃഷിചെയ്തതിന്റെ ചുറ്റിലുമായി മഞ്ഞളും കൃഷിചെയ്യുന്നുണ്ട്. കച്ചോലത്തിൽനിന്ന് മികച്ച വിളവ് ലഭിക്കാൻ മഞ്ഞൾ കൃഷി സഹായിക്കുമെന്ന് ഔഷധി അസി.മാനേജർ യേശുദാസ് പറഞ്ഞു. ആകെ 18,600 ചുവട് കച്ചോലവും 17,200 ചുവട് മഞ്ഞളുമാണ് കൃഷിചെയ്തിരിക്കുന്നത്.
കൂടാതെ 100 ഏക്കർ സ്ഥലം വിവിധ ബ്ലോക്കുകളാക്കി തിരിച്ച് പുളി, അശോകം, കുമുദ്, പലക പയ്യാനി, കൂവളം, രക്തചന്ദനം എന്നിവയും കൃഷിചെയ്തിട്ടുണ്ട്. പൂർണതോതിൽ ഔഷധസസ്യങ്ങൾ വളർന്നുവരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഔഷധ ഉദ്യാനമായി പരിയാരം മാറുമെന്ന് ഔഷധി എംഡി കെ. ഉത്തമൻ പറഞ്ഞു.