കടുവ സിനിമക്കെതിരെ വീണ്ടും പിടിമുറുക്കി ജോസ് കുരുവിനാക്കുന്നേല്‍. ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെയാണ് ഇപ്പോള്‍ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന് എന്നായിരുന്നു. അത് നീക്കം ചെയ്യണമെന്നായിരുന്നു ജോസ് കുരുവിനാക്കുന്നേലിന്റെ ആദ്യ പരാതി.
അത് പിന്നീട് കോടതി വിധി അനുസരിച്ച് കുര്യച്ചന് എന്ന പേരാക്കി മാറ്റിയാണ് ചിത്രം റിലീസ് ചെയ്തത്.
എന്നാല്‍ നായകന്റെ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന് എന്നുതന്നെയാണ് പേര് എന്നാണ് ജോസ് കുരുവിനാക്കുന്നിലിന്റെ പുതിയ പരാതി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കടുവയുടെ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിറക്കി.
സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമാണ് കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു എന്നും വിദേശ രാജ്യങ്ങളില്‍ കുറുവച്ചന് എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെന്നുമാണ് ജോസിന്റെ പരാതിയില്‍ പറയുന്നത്.
ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് ജോസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും ആരോപിച്ചാണ് പാലാ സ്വദേശി കുറുവച്ചന് എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ കഥാപാത്രത്തിന്റേ പേര് മാറ്റണമെന്ന പരാതി നല്‍കിയത്.
ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കുറുവച്ചന് എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കുകയും ചെയ്തു.
റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ആയിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം വന്നത്. ചിത്രം തിയറ്ററില്‍ വന്‍ ഹിറ്റായിരുന്നു.
ജോസ് കുരുവിനാക്കുന്നേല്‍ ഈരാറ്റുപേട്ടയിലെ തിയറ്ററില്‍ ചിത്രം കാണാനെത്തുകയും ചെയ്തു.
നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നിരിക്കെ ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് ചിത്രത്തില്‍ നടന്നതെന്ന് കാണിച്ചാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് കുറുവച്ചന് ആവശ്യപ്പെട്ടിരിക്കുന്നത്.