സ്വന്തം ലേഖകൻ
കോഴിക്കോട്: നഗരപരിധിയിലെ കണ്ണായസ്ഥലങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബങ്കുകൾ( പെട്ടിക്കടകൾ)ക്ക്് ഇന്ന് പിടിവീഴും. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന്് നഗരത്തിലെ വിവിധ കടകളിൽ പരിശോധന നടത്തുക. പെട്ടികടകൾ അനുവദിച്ചതിൽ കൂടുതൽ സ്ഥലം കയ്യേറുന്നതായി വ്യാപക പരാതി ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
കോർപറേഷൻ നൽകുന്ന ലൈസൻസുമായി പ്രവർത്തിക്കുന്ന ബങ്കുകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൂടുതൽ സ്ഥലം കയ്യേറുകയും ഇതുമൂലം ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്യുന്നതായാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗണ്‍സിൽയോഗത്തിൽ ചൂടേറിയ ചർച്ച നടന്നിരുന്നു. പലയിടത്തും കാൽനടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്. ലൈസൻസ് ഉടമകൾ മറ്റു വ്യക്തികൾക്ക് നടത്തിപ്പിനായി നൽകി അവരിൽ നിന്നും ദിവസ വാടക ഇനത്തിൽ വലിയതുക കൈപറ്റുന്നതായും പരാതിയുണ്ട്. ചിലയിടങ്ങളിൽ ഇരിപ്പിടങ്ങൾ ബങ്കുകൾകൾക്ക് മുന്നിൽ ഇട്ടും കയ്യേറ്റമുണ്ട്.
ഇനിമേലിൽ ഇത്തരം ബങ്കുകൾക്ക് അനുമതി നൽകുന്പോൾ ട്രാഫിക് പോലീസിന്റ അനുമതി തേടാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർറോഡിൽ പാരഗണ്ഹോട്ടലിനു സമീപത്ത് സിഎച്ച് മേൽപാലത്തിനു താഴെയുള്ള ബങ്ക് ഈ രീതിയിൽ വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുതായി പരാതി ഉയർന്നിട്ടുണ്ട്്. 5 ഃ4 അടി വിസ്തീർണ്ണത്തിൽ ബങ്ക് നിർമിക്കാൻ അബ്ദുൾ റസാഖ് എന്നയാളുടെ പേരിലാണ് ലൈസൻസ് നൽകിയിരിക്കുന്നത്. നഗരത്തിലെ കണ്ണായ ആ സ്ഥലത്തിന് കേവലം 569 രൂപയാണ് പ്രതിമാസ വാടക.
ലൈസൻസ് കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ പുതുക്കിനൽകണമെന്ന ഇദ്ദേഹത്തിന്റെ അപേക്ഷയിൽമേൽ തീരുമാനമെടുക്കുന്നത് കൂടുതൽ പരിശോധനയ്ക്കുശേഷം മതിയെന്ന് കൗണ്‍സിൽയോഗം തീരുമാനിക്കുകയും ചെയ്തിരുന്നു . 20 ശതമാനം വർധനവ് വരുത്തിയായിരിക്കും അടുത്തമൂന്നുവർഷത്തേക്കുകൂടി പ്രവർത്തിക്കാൻ അനുവദിക്കുക.വയനാട് റോഡിൽ നിന്ന് സിഎച് മേൽപ്പാലത്തിനടിയിലൂടെ കണ്ണൂർറോഡിലേക്ക് കടക്കുന്പോൾ ബങ്ക് മാർഗതടസം സൃഷ്ടിക്കുന്നുവെന്നാണ് പരാതി.തുടർന്ന് കർശന പരിശോധന നടത്താൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർദേശിക്കുകയായിരുന്നു.
ഇതേ അവസ്ഥതന്നെയാണ് ഇഎംഎസ് സ്റ്റേഡിയത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള മിൽമ ബൂത്തിന്റ കാര്യത്തിലും. 896 രൂപയാണ് പ്രതിമാസവാടക. ഇതു 20 ശതമാനം വർധിപ്പിച്ചു നൽകാനായിരുന്നു തീരുമാനം. ഇനി ഇക്കാര്യത്തിൽ തുടർപരിശോധന നടത്തിയശേഷം മാത്രമേ തുടർ നടപടിസ്വീകരിക്കുകയുള്ളു. ടൗണ്‍ പോലീസ് സ്റ്റേഷൻ, കിഡ്സണ്‍ കോർണർ എന്നിവയ്ക്കു സമീപവും അനുവദിച്ചതിൽ കൂടുതൽസ്ഥലം ബങ്കുകൾ കയ്യേറിയതായി പരാതിയുയർന്നിട്ടുണ്ട്. പൊതുവേ തിരക്കേറിയ മിഠായിതെരുവുപോലുള്ള സ്ഥലത്ത് ബങ്കുകളുടെ മറവിൽ നടക്കുന്ന കയ്യേറ്റം വലിയ ഗതാഗതകുരുക്കിന് കാരണമാകുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.