കോട്ടയം: വേനല്‍ക്കാലത്ത് പച്ചക്കറി വിപണിയില്‍ താരമായി കടച്ചക്ക. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ ശീമച്ചക്ക എന്നു ചിലയിടത്തു വിളിക്കുന്ന കടച്ചക്കയ്ക്ക് 135 രൂപ വരെ വിലയെത്തി. കീടനാശിനികളും കാര്യമായ രാസവളവും മറ്റും പ്രയോഗിക്കാതെ ഉണ്ടാകുന്ന വിള എന്നതിനാല്‍ കടച്ചക്കയ്ക്ക് നല്ല ഡിമാൻഡാണ്.
കഴിഞ്ഞ വര്‍ഷം 100 രൂപയായിരുന്നു വില. ഇത്തവണ 35 രൂപ അധികമാണ് വില. നല്ല ഒരു കടപ്ലാവില് നിന്നു നൂറു കിലോവരെ വിളവ് ലഭിക്കും. വേനല്‍ മഴ പെയ്തതോടെ പലയിടത്തും കടച്ചക്കകള്‍ കൊഴിഞ്ഞു പോകുന്നുണ്ട്.
കടച്ചക്ക ഉപയോഗിച്ച് വറുത്തരച്ച കറി, തോരന്‍, മെഴുക്കുവരട്ടി, അച്ചാര്‍ തുടങ്ങി നിരവധി രുചികരമായ കറികള്‍ തയാറാക്കാം. കടച്ചക്കകള്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് കടകളിലെത്തുന്നത്. ഇപ്പോള്‍ കടപ്ലാവുകള്‍ നന്നേ കുറവാണ്.
നിരവധിയാളുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കടപ്ലാവ് കൃഷി ആരംഭിച്ചിട്ടുണ്ട്. കടപ്ലാവ് കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കാന്‍ കൃഷിവകുപ്പും പഞ്ചായത്തുകളും ആവശ്യമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.