പി. ജയകൃഷ്ണൻ
കണ്ണൂര്: കാടാച്ചിറ സര്വീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയിലെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ബാങ്ക് അധികൃതരിലേക്കും.
അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതിയും മുന് സെക്രട്ടറിയും പിന്നീട് മാനേജരുമായിരുന്ന പ്രവീണ് പനോന്നേരിയെ നാളെ അന്വേഷണ ഉദ്യോഗസ്ഥനായ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടൻ കസ്റ്റഡിയിൽ വാങ്ങും.
വർഷങ്ങളായി തുടർന്ന തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഭരണ സമിതിയിൽ ഉള്ളവർക്കോ ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർക്കോ അറിവുണ്ടായിരുന്നില്ല എന്നത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
ചിലരുടെ സഹായവും മൗനാനുവാദവും പ്രവീണിന് തട്ടിപ്പ് ആവർത്തിക്കാൻ തുണയായെന്നാണ് സൂചന. ആരെയും വശത്താക്കാനുള്ള വാക്ചാതുരിയും ഭക്തിയുടെ മറവിലുള്ള മുതലെടുപ്പും പ്രവീൺ തട്ടിപ്പിനായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്.
പ്രവീൺ പറയുന്നത് വിശ്വസിച്ചതാണ് പല ഇടപാടുകാർക്കും തിരിച്ചടിയായത്. നേരത്തെ ബാങ്ക് സെക്രട്ടറിയായിരുന്ന പ്രവീണിനെ പിന്നീട് മാനേജരാക്കി തരംതാഴ്ത്തിയതും ഇയാളുടെ ജോലി യിലെ വീഴ്ചയുടെ ഭാഗമായാണെന്ന് ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ അറിയാമായിരുന്നു.
എന്നാൽ,ഇയാൾക്കെതിരേ പരാതി വരുന്നതുവരെ പലരും ഇക്കാര്യം രഹസ്യമാക്കി വച്ചതും മറ്റുള്ളവരിലേക്ക് സംശയത്തിന്റെ മുന നീട്ടുന്നതാണ്.
ഉദ്യോഗസ്ഥരടക്കം ചിലർ, ഒരു പക്ഷെ പ്രവീണിന്റെ കെണിയിൽ അകപ്പെട്ട്, അദ്ദേഹം പറയുന്ന രീതിയിൽ പ്രവർത്തിച്ചതായും സംശയം ഉയരുന്നുണ്ട്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തു ന്നതിനും മറ്റുള്ളവർക്ക് പങ്കുണ്ടെങ്കിൽ അവരെ ചോദ്യം ചെയ്യുന്നതിൽ കൃത്യത വരുത്താനുമാണ് പ്രവീണിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. നേരത്തെ തലശേരി എസിജെഎം കോടതിയാണ് പ്രവീണിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.
പ്രമുഖ ജ്യോത്സ്യനും ക്ഷേത്രങ്ങളിൽ സപ്താഹയജ്ഞം നടത്തുന്നയാളുമാണ് പ്രവീൺ പനോന്നേരി. സ്ഥിരനിക്ഷേപം നടത്തിയവരുടെ പണം വ്യാജ ഒപ്പിട്ട് ബാങ്കിലെ ചിലരുടെ ഒത്താശയോടെ പ്രവീണ് പനോന്നേരി തട്ടിയെടുത്തുവെന്ന പരാതിയിലാണ് എടക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റവുമടുത്ത സുഹൃത്തുക്കൾ, കുടുംബസുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരാണ് പ്രവീണിന്റെ തട്ടിപ്പിന് ഇരയായത്.