പി. ജയകൃഷ്ണൻ
കണ്ണൂർ: കാടാച്ചിറ സഹകരണ ബാങ്ക് പനോന്നേരി ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിലേക്ക് വ്യാപിപ്പിക്കുന്നു.
മുഖ്യപ്രതി പ്രവീണ്‍ പനോന്നേരിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ പേരെ വിശദമായി ചോദ്യം ചെയ്യാൻ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം തീരുമാനിച്ചത്.
ബാങ്ക് ഭരണ സമിതിയിലെ പ്രധാനികൾ, പ്രവീൺ പ്രധാന പദവികളിൽ ഇരുന്ന ഘട്ടത്തിൽ അക്കൗണ്ട്, കാഷ് എന്നിവ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ എന്നിവരെ ഉടൻ ചോദ്യം ചെയ്യും.
ഇതിനിടെ ഇന്നലെ പ്രവീണിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് പരാതിക്കാരിയുടെ എഫ്ഡി കളുടെ രസീത് , നിരവധി പേരുടെ സ്വർണം പണയം വച്ചതിന്റെ രേഖകൾ, ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ എന്നിവ കണ്ടെടുത്തു.
പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രവീണിനെ ഇന്ന് തലശേരി എസിജെഎം കോടതിയിൽ ഹാജരാക്കും.സ്ഥിരനിക്ഷേപം നടത്തിയവരുടെ പണം വ്യാജ ഒപ്പിട്ട് ബാങ്കിലെ ചിലരുടെ ഒത്താശയോടെ പ്രവീണ്‍ പനോന്നേരി തട്ടിയെടുത്തുവെന്ന പരാതിയിലാണ് എടക്കാട് പോലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഏറ്റവുമടുത്ത സുഹൃത്തുക്കൾ, കുടുംബസുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരാണ് പ്രവീണിന്റെ തട്ടിപ്പിന് പ്രധാനമായും ഇരയായത്.