പി. ജയകൃഷ്ണൻ
കണ്ണൂര്‍: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്ക് പനോന്നേരി ശാഖയില്‍ നിക്ഷേപിച്ച നിരവധി പേരുടെ സ്ഥിര നിക്ഷേപ തുകയും ലോക്കറില്‍ സൂക്ഷിച്ച സ്വര്ണാഭരണവുമടക്കം കോടികണക്കിന് രൂപയുടെ മുതലുകള്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തു.
പ്രമുഖ ജ്യോതിഷിയും ക്ഷേത്രങ്ങളിൽ സപ്താഹ യജ്ഞം നടത്തുകയും ചെയ്യുന്ന മുന്‍ മാനേജര്‍ പ്രവീണ്‍ പനോന്നേരി ബാങ്ക് സെക്രട്ടറി സനലിന്റെ സഹായത്തോടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.
ഇതോടെ ലക്ഷകണക്കിന് രൂപ നഷ്ടപ്പെട്ടവർ കണ്ണൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്, സഹകരണ വകുപ്പ് എന്നിവിടങ്ങളില്‍ പരാതി നല്കി.
പലരും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലുമാണ്. കണ്ണൂര്‍ എസിപിയുടെ നിര്‍ദ്ദേശ പ്രകാരം എടക്കാട് പോലീസ് പരാതിയെക്കുറിച്ച് അന്വേഷണം തുടങ്ങി. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗവും പരിശോധന ആരംഭിച്ചു.
2017 മുതല്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയവരുടെ പണമാണ് നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പ്രവീണ്‍ പനോന്നേരി തട്ടിയെടുത്തത്.
ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കാലാവധിക്ക് തൊട്ടടുത്ത ദിവസം പുതുക്കാനെന്ന പേരില്‍ കൈക്കലാക്കിയാണ് തട്ടിപ്പ്.
പിന്നീട് സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പി നിക്ഷേപകര്‍ക്ക് നല്കി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചെടുത്ത ശേഷം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് നിക്ഷേപ തുകയും ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തുവെന്നാണ് പരാതി.
ബാങ്കിലെ പ്രധാന ജീവനക്കാരനായതിനാലും എല്ലാ ഇടപാടുകളും പ്രവീണ്‍ മുഖേനയെ നടക്കൂ എന്നതിനാലും, ഇയാള്‍ പറഞ്ഞത് നിക്ഷേപകര്‍ വിശ്വസിച്ചു. ഇതാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടിയായത്.
ചാലയിലെ ഒരു വീട്ടിലെ മാത്രം മൂന്നുപേരുടെ 50 ലക്ഷത്തിന് മുകളില്‍ സ്ഥിര നിക്ഷേപവും സ്വര്‍ണാഭരണവും ഇയാള്‍ തട്ടിയെടുത്തതിൽ ഉൾപെടും. സര്‍ക്കാര്‍ സര്‍വീസിലുള്ള ഭര്‍ത്താവ് മരിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യമടക്കമുള്ള തുകയായിരുന്നു ഇവര്‍ നിക്ഷേപിച്ചത്.
മകളുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് 2022 ജൂലൈ മാസത്തില്‍ നിക്ഷേപിച്ച തുകയില്‍ കുറച്ചു തുക പിന്‍വലിക്കാന്‍ പോയപ്പോഴാണ് ഇവര്‍ പോലും അറിയാതെ കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക പിന്‍വലിച്ചായി അറിയുന്നത്.
ബാങ്ക് അധികൃതര്‍ക്ക് പിന്നീട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോൾ നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പ്രവീണ്‍ പനോന്നേരി 2019 ല്‍ തന്നെ പ്രസ്തുത തുകകളെല്ലാം പിന്‍വലിച്ചതായി വ്യക്തമായി.
ബാങ്കിൽ 1,75,000 രൂപ ഒരിക്കൽ സ്ഥിര നിക്ഷേപം ഇട്ടതിന് തുകയ്ക്ക് സമാനമായ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ബാങ്കിന്റെ വരവിൽ തുകയുടെ അവസാന പൂജ്യം ഒഴിവാക്കി 17,500 രൂപ മാത്രം കാണിച്ച് അവശേഷിക്കുന്ന ഭീമമായ തുക പ്രവീൺ കൈക്കലാക്കിയതായും പരാതിയുണ്ട്.
ഇക്കാര്യങ്ങളെല്ലാം വ്യക്തമായിട്ടും ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ബാങ്ക് അധികൃതർ ഒഴിഞ്ഞുമാറുകയാണ്.
ബാങ്കിൽ നിക്ഷേപിച്ച തുകയ്ക്ക് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് ഇപ്പോഴത്തെ ജീവനക്കാരുടെയും ഭരണ സമിതിയുടേയും നിലപാട്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ് കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്ക്.കുറ്റാരോപിതനായ പ്രവീണിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ, പ്രധാന സുഹൃത്തുക്കൾ എന്നിവരടക്കമുള്ള ചിലരുടെ തുക തട്ടിയെടുത്തതു മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ എത്ര നിക്ഷേപകരുടെ തുക നഷ്ടപ്പെട്ടു എന്ന് വ്യക്തമാവുകയുള്ളൂ. സംഭവം വിവാദമായതോടെ നിക്ഷേപിച്ച തുക പിന്‍വലിക്കാനായി കൂടുതല്‍ പേര് ബാങ്കില്‍ എത്തുന്നത് ബാങ്കിന്റെ തുടർ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്.