കൊല്ലം: വീട്ടിൽ കയറി മക്കൾക്കുനേരെ മുളകുപൊടിയെറിഞ്ഞശേഷം വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപേർ പിടിയിലായതായി സൂചന. സംശയസാഹചര്യത്തിൽ കസ്റ്റഡിയിലുള്ള ചിലരെ സിഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തതിൽനിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കടയ്ക്കൽ പാങ്ങലുകാട് റാസി മൻസിലിൽ റംല (39) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രിയിൽ വീട്ടിൽ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘത്തിലൊരാൾ വീട്ടിൽ കയറി മുളകുപൊടി എറിഞ്ഞശേഷം മക്കളോടൊപ്പമിരുന്ന റംലയെ അടിച്ചുവീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ ഇവരെ ഉടൻ തന്നെ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അക്രമിസംഘമെത്തിയ ബൈക്കിനെക്കുറിച്ച് പോലീസ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. സിസി ടിവി കാമറയിൽനിന്ന് ഇത് സംബന്ധിച്ച് ദൃശ്യങ്ങളും ലഭിച്ചിരുന്നു.