പത്തനാപുരം : നഗരാതിര്‍ത്തികളിലെ പാലങ്ങള്‍ പ്രകാശപൂരിതമാക്കാനുള്ള പ്രവർത്തനങ്ങൾ പാതിവഴിയില്‍ നിലച്ചു.ലൈറ്റുകള്‍ വയ്ക്കാനായിലക്ഷകണക്കിന് രൂപ ചിലവൊഴിച്ച നിര്‍മ്മിച്ച ഇരുമ്പ് പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകളും കൊടികളും ഇടം പിടിച്ചു. കെ. ബി ഗണേഷ്കുമാർ എം എൽ എ യുടെ പ്രാദേശികവികസനഫണ്ട് വിനിയോഗിച്ചാണ് പ്രവർത്തനങ്ങൾ നടന്നത്.പിടവൂർ പാലം,കടയ്ക്കാമണ്‍ പാലം,
കല്ലുംകടവ് പാലം എന്നിവിടങ്ങളിലാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കാനായി തൂണുകള്‍ നിര്‍മ്മിച്ചത്.ബാക്കി ഭാഗങ്ങളില്വൈദ്യുതപോസ്റ്റുകളിലും സ്ഥാപിക്കുകയായിരുന്നു പദ്ധതി.115 വൈദ്യുതിവിളക്കുകളാണ് സ്ഥാപിക്കാന്‍ ഉദേശിച്ചത്.തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികളും വൈദ്യുതചാർജും പഞ്ചായത്തിനെ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.എന്നാല്‍ തൂണുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു ലൈറ്റ് പോലും പ്രകാശിച്ചില്ല എന്നതാണ് സത്യാവസ്ഥ.
ഇതിനിടെ തൂണുകളില്‍ പരസ്യബോര്‍ഡുകളും കൊടികളും ഇടം പിടിച്ചു.കല്ലുംകടവിലെ തൂണുകള്‍ പലതും നശിച്ച് തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകാനുള്ള പദ്ധതിയാണ് പാതി വഴിയില്‍ നിലച്ചത്.
ലൈറ്റുകൾ സ്ഥാപിക്കാന്‍ ആരംഭിച്ചപ്പോള്‍ തെരുവ് വിളക്കുകൾ നീക്കം ചെയ്തിരുന്നു.ഇതോടെ നിലവില്‍ പാലങ്ങളെല്ലാം രാത്രിയോടെ ഇരുട്ടിലാകുന്ന സ്ഥിതിയാണ് ഉള്ളത്.