പത്തനംതിട്ട: ജില്ലാ കഥകളി ക്ലബിന്റെ നേതൃത്വത്തിൽ അയിരൂർ – ചെറുകോൽപ്പുഴ മണൽപ്പുറത്ത് ഏഴ് മുതൽ 13 വരെ കഥകളി മേള നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് വൈകുന്നേരം 5.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി കഥകളി മേള ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് വി.എൻ. ഉണ്ണി അധ്യക്ഷത വഹിക്കും. ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ്, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തന്പി, ബ്ലോക്ക് പഞ്ചായത്ത് മെംബർ അജയൻ വല്യൂഴത്തിൽ. ടി.ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.
ക്ലബിന്റെ 20-ാമത് നാട്യഭാരതി അവാർഡ് പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിനു നൽകി ആദരിക്കും. തുടർന്ന് കേരള കലാമണ്ഡലം അയിരൂർ പഠന കേന്ദ്രത്തിലെ ചെണ്ട വിദ്യാർഥികളുടെ തായന്പക അരങ്ങേറ്റം. എട്ടിനു രാത്രി ഏഴിനു കഥകളി ലവണാസുരവധം പ്രമുഖ കലാകാരൻമാരായ കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ, സദനം ഭാസി, കലാമണ്ഡലം പ്രദീപ്, കലാമണ്ഡലം ഷണ്മുഖൻ, കലാമണ്ഡലം രാമൻ നന്പൂതിരി, കലാഭാരതി ജയശങ്കർ എന്നിവർ പങ്കെടുക്കും.
2017ലെ കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയ കലാമണ്ഡലം ഓയൂർ രാമചന്ദ്രനെ ആദരിക്കും.ഒന്പതിനു രാത്രി ഏഴിനു കോട്ടയത്തു തന്പുരാന്റെ കാലകേയ കഥകളി പൂർവഭാഗം കലാമണ്ഡലം ബാലസുബ്രമണ്യൻ, കലാമണ്ഡലം കൃഷ്ണപ്രസാദ്, കലാമണ്ഡലം വിനോദ്, കലാനിലയം മനോജ് എന്നിവർ അവതരിപ്പിക്കും. 10ന് രാത്രി ഏഴിന് കാലകേയ കഥകളി ഉത്തരഭാഗം കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം ഷണ്മുഖൻ, കലാമണ്ഡലം ബാബു നന്പൂതിരി, കലാനിലയം ഉദയൻ നന്പൂതിരി എന്നിവർ അവതരിപ്പിക്കും.
11ന് രാത്രി ഏഴിന് കഥകളി നളചരിതം രണ്ടാംദിവസ കഥയിൽ മാർഗ് വിജയകുമാർ, കലാമണ്ഡലം ഹരി ആർ. നായർ, കലാമണ്ഡലം സോമൻ, പത്തിയൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കോട്ടയ്ക്കൽ പ്രസാദ്, കലാമണ്ഡലം അച്യുതവാര്യർ എന്നിവർ അവതരിപ്പിക്കും. 12ന് കഥകളി നളചരിതം മൂന്നാം ഭാഗം കലാനിലയം വിജയൻ, കലാമണ്ഡലം രാജീവൻ നന്പൂതിരി, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ, കോട്ടയ്ക്കൽ മധു, വേങ്ങേരി നാരായണൻ, കോട്ടയ്ക്കൽ വിജയരാഘവൻ, കലാമണ്ഡലം വേണുക്കുട്ടൻ, എന്നിവർ അവതരിപ്പിക്കും.
13 ന് നടക്കുന്ന സമാപന സമ്മേളനം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ വികസന സമിതി ചെയർമാൻ പി.എസ്. നായർ അധ്യക്ഷത വഹിക്കും. പ്രസാദ് ആനന്ദഭവൻ, ജോസ് പാറക്കടവിൽ, ജോർജ് മാമ്മൻ കൊണ്ടൂർ, പ്രീതാ ബി. നായർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ദുര്യോധന വധം കഥകളിയും അരങ്ങേറും.
പത്രസമ്മേളനത്തിൽ വി.എൻ. ഉണ്ണി, ടി.ആർ. ഹരികൃഷ്ണൻ, ജി. ജയറാം, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.