കണ്ണൂർ: ശബരിമലയെ ആർഎസ്എസിന് കൈമാറാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷ പൂജയ്ക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചപോലെ മണ്ഡല, മകരവിളക്ക് കാലത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നാണ് പ്രതിഷേധക്കാർ കരുതിയത്. അതു നടപ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി സന്നിധാനത്ത് പോലീസ് അറസ്റ്റ് ചെയ്തവർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നവരാണ്. നടപ്പന്തലിൽ ആദ്യം കുത്തിയിരുന്നാണ് അവർ പ്രതിഷേധം തുടങ്ങിയത്. പോലീസ് ഇടപെട്ടപ്പോൾ നട അടയ്ക്കുന്പോൾ മലയിറങ്ങാമെന്ന് പറഞ്ഞു. എന്നാൽ നട അടച്ചതോടെ അവർ നിലപാട് മാറ്റി. ഇതോടെ പോലീസ് നേതാവിനെ അറസ്റ്റ് ചെയ്തു. പിന്നെ നേതാവിന്റെ ആവശ്യപ്രകാരം എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനത്തിന് ശബരിമലയിൽ കാര്യങ്ങൾ അറിയാത്തതല്ല. അദ്ദേഹം വെറുതെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ശബരിമല സുരക്ഷയ്ക്ക് കേന്ദ്രസേന വേണമോ എന്ന കാര്യമൊക്കെ തീരുമാനിക്കുന്നത് ആഭ്യന്തരവകുപ്പാണ്.
നിലവിൽ ശബരിമലയിൽ എത്തുന്ന യഥാർഥ ഭക്തർക്ക് ദർശനത്തിനോ യാത്രയ്ക്കോ യാതൊരു തടസവുമില്ലെന്നും ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ പോലീസ് പിടികൂടുമെന്നും മന്ത്രി പറഞ്ഞു.
വിശ്വാസം സംരക്ഷിക്കണമെന്ന് പറഞ്ഞാണ് ബിജെപിയും ആർഎസ്എസും പ്രതിഷേധം നടത്തുന്നത്. ഏത് ഹൈന്ദവന്റെ വിശ്വാസമാണ് ഇവർ സംരക്ഷിക്കുന്നതെന്ന് മനസിലാകുന്നില്ല.
മലകയറാൻ ഇരുമുടി കെട്ടുമായി വന്ന കെ.സുരേന്ദ്രന്റെ മാതാവ് മരിച്ചിട്ട് ആറ് മാസമേ ആയുള്ളൂ. വേണ്ടപ്പെട്ടവർ മരിച്ചാൽ ഒരു വർഷത്തേക്ക് ഒരു ഭക്തനും മലചവിട്ടാറില്ല. ഇവർ ഏത് ആചാരമാണ് സംരക്ഷിക്കുന്നതെന്നും ജനങ്ങൾ നല്ല ബുദ്ധിയുള്ളവരാണെന്നും അവർ എല്ലാം കാണുന്നുണ്ടെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു.