എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം : കൺസ്യൂമർ ഫെഡ് എംഡിയുടെ തസ്തികയിലേക്ക് അഴിമതിയാരോപണത്തിൽ സിബിഐ അന്വേഷണം നേരിടുന്ന മുൻ കശുവണ്ടി കോർപറേഷൻ എംഡി കെ എ രതീഷിനെ ഒന്നാം റാങ്കുകാരനായി ഇന്റർവ്യൂ ബോർഡ് ഉൾപ്പെടുത്തിയ വിവരം അറിയില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ഇക്കാര്യം ഇന്നലെ വൈകുന്നേരം ഓഫീസിൽ നിന്ന് പോകുന്നതുവരേയും തനിക്ക് അറിയില്ല. അനർഹരായവരെ നിയമിക്കില്ല. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ ചില മാനദണ്ഡങ്ങളുണ്ട്. വിജിലൻസ് ക്ലീയറൻസ് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് നിയമനം നൽകുന്നത്.
ഇന്ന് ഇതു സംബന്ധിച്ച ഫയൽ തന്റെ അടുത്തു വരുമെന്നാണ് കരുതുന്നത്. ഫയൽ വിശദമായി പരിശോധിക്കും. പലരും നിയമിക്കണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു. ആരെയും നിയമിക്കാനുള്ള അനുമതിയോ ശിപാർശയോ നൽകിയിട്ടില്ല. നിയമനം ശിപാർശ ചെയ്യേണ്ടത് സർക്കാർ സെക്രട്ടറി ഉൾപ്പടുന്ന ഇന്റർവ്യൂ ബോർഡാണ്.
സർക്കാർ ഇതിൽ ഇടപെടാറില്ല. ഇന്റർവ്യൂ ബോർഡ് പരിശോധിച്ച് നൽകുന്ന പട്ടിക സർക്കാരിന് മുന്നിൽ എത്തുന്പോഴാണ് ഇതേക്കുറിച്ച് അറിയാവുന്നത്. സുതാര്യമായ രീതിയിൽ മാത്രമെ ആരേയും നിയമിക്കു. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി രാഷ്ട്രദീപികയോട് പറഞ്ഞു.
മുൻ കശുവണ്ടി കോർപറേഷൻ എംഡിയാണ് കെ . എ രതീഷ്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആരോപണത്തിൽ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയാണ് രതീഷ്. കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തേക്ക് നൽകിയ അപേക്ഷകരിൽ നിന്ന് അഞ്ചുപേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്.
ഇതിൽ ഒന്നാമനാണ് രതീഷെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ കൺസ്യൂമർഫെഡ് എം.ഡി സുകേശൻ സ്ഥാനമൊഴിയാനുള്ള താൽ പ്പര്യം അറിയിച്ചതിനെ തുടർന്നാണ് സർക്കാർ കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചത്.