തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ തനിക്കെതിരെ നടത്തിയ പരാമർശം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ താൻ ആളല്ലെന്നും കടകംപള്ളി പറഞ്ഞു. പ്രധാനമന്ത്രി പറയേണ്ട കാര്യങ്ങൾ പലതും പറഞ്ഞില്ലെന്നും കടകംപള്ളി ആരോപിച്ചു.
ശബരിമലയിൽ നിയമനിർമാണം നടത്തുന്ന കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞില്ല. പ്രസംഗത്തിൽ തന്നെ പരാമർശിച്ചതിൽ സന്തോഷമുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് കടകംപള്ളി സുരേന്ദ്രനെയും സംസ്ഥാന സർക്കാരിനെയും യുഡിഎഫിനെയും പ്രധാനമന്ത്രി മോദി രൂക്ഷമായി വിമർശിച്ചത്.