അഗളി: സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിനൊപ്പം അട്ടപ്പാടിയെയും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അട്ടപ്പാടി ജനതയ്ക്കു പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയുമായി ചേർന്ന് സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം കിലയിൽ നിർവഹിക്കുകയായിരുന്നൂ അദ്ദേഹം.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ആദിവാസി വിഭാഗത്തെ അവർ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയർത്തും. അട്ടപ്പാടിയിൽ ദാരിദ്ര്യവും ചൂഷണവും ശിശുമരണവുമൊക്കെ ഇല്ലാതാവണം. അവർക്ക് വീടുകളുണ്ടാവണം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണം തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് എൽ.ഡി.എഫ് സർക്കാർ ഇവിടെ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത് .
നവ കേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് നാല് മിഷനുകൾ നടപ്പിലാക്കുന്നത്. സർക്കാരിന്റെ കണ്ണുകൾ ആദ്യമെത്തുന്നത് താഴേത്തട്ടിലേക്കാണ്. ആദിവാസി ഉന്നമനം സാധ്യമായില്ലെങ്കിൽ കേരള മോഡൽ വികസനം അർഥവത്താകുമെന്ന് തോന്നുന്നില്ല. ആദിവാസികളുടെ സാമൂഹിക ഉന്നമനവും സുരക്ഷയുമാണ് ലക്ഷ്യം.
12.50 കോടി രൂപയാണ് ആദിവാസികളുടെ ആരോഗ്യ സുരരക്ഷയ്ക്കായി സർക്കാർ ഇഎംഎസ് ആശുപത്രിക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകൾക്കുള്ള മഹിളാമിത്ര വായ്പാ വിതരണ പദ്ധതി എം ബി.രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. പി കെ.ശശി എം.എൽ.എ ആരോഗ്യ കാർഡ് വിതരണം ചെയ്തു.
എൻ ഷംസുദീൻ എം.എൽ.എ അധ്യക്ഷനായി ഒറ്റപ്പാലം ആർഡിഒ ജെറോമിക് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻഡ് ഈശ്വരി രേശൻ, അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, ഷോളയൂർ പഞ്ചായത്ത് പ്രസിഡൻഡ് രത്തിനം രാമമൂർത്തി, പുതൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ,
ഇഎംഎസ് സഹകരണ ആശുപത്രി ഡയറക്ടർ പി പി വാസുദേവൻ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ പി സെയ്തലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. ശെൽവരാജ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ വി സജീവ്, ഐടിഡിപി പ്രോജ്ക്ട് ഡയറക്ടർ കൃഷ്ണപ്രകാശ് എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ഡി ബാലമുരളി സ്വാഗതവും സഹകരണ സംഘം ജോയ്ന്റ് രജിസ്ട്രാർ എം കെ ബാബു നന്ദിയും പറഞ്ഞു.