തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് പണിയുടെ മെല്ലെപ്പോക്കിനെതിരേ പ്രതികരിച്ച സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന് പാർട്ടി സംസ്ഥാന സമിതിയിൽ നിശിത വിമർശനം.
അനാവശ്യ വിവാദത്തിന് കടകംപള്ളി സുരേന്ദ്രൻ തിരികൊളുത്തിയെന്നും പാർട്ടിയെയും നഗരസഭയെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചെന്നുമാണ് സംസ്ഥാന സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും വിമർശനം ഉന്നയിച്ചത്.
കടകംപള്ളി സുരേന്ദ്രന്റെ വിമർശനത്തിനെതിരേ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. കരാറുകാരുമായി ബന്ധമുള്ള ചിലർക്കാണ് കരാറുകാരെ തൊട്ടപ്പോൾ പൊള്ളിയതെന്നാണു കടകംപള്ളിയെ ഉദ്ദേശിച്ച് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസ് പരോക്ഷമായി പറഞ്ഞത്.
ഇത് നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിൽ സംസാരിക്കവെയായിരുന്നു കടകംപള്ളി സുരേന്ദ്രൻ നഗരത്തിലെ റോഡുപണികളുടെ മെല്ലെപ്പോക്കിനെതിരെ വിമർശനം നടത്തിയത്.
ഈ വിമർശനത്തിനെതിരെയാണ് സംസ്ഥാന സമിതി കടകംപള്ളിക്കെതിരെ തിരിഞ്ഞത്. എന്നാൽ സംസ്ഥാന സമിതിയിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനം ഉയർന്നില്ല.