പിറവം: കേരളത്തില്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടു പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയാല്‍ തൊഴിലില്ലായ്മയ്ക്കും, സാമ്പത്തിക പ്രതിസന്ധിയ്ക്കുമെല്ലാം പരിഹാരമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാനത്ത് ഇതിലൂടെ നാലു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിറവത്ത് ടൂറിസം വകുപ്പ് പൂര്‍ത്തീകരിച്ച പാഴൂര്‍ ആറ്റുതീരം ടൂറിസം പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 79 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രത്യേക കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് വിദേശ ടൂറിസ്റ്റുകളെയടക്കം ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന് ഇതിനായി പൂര്‍ണമായും ഫണ്ട് ചിലവഴിക്കാനില്ലാത്തതിനാല് സ്വകാര്യ സംരംഭകരുമായി നിബന്ധനകളോടെ പദ്ധതികള്‍ നടപ്പാക്കാനും തയാറാണ്. ഇതോടെ കേരളം ലോക ടൂറിസം മാപ്പില്‍ ഇടംനേടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായ 65 ശതമാനം വൈദ്യുതിയും പറുത്തുനിന്നുമാണ് വാങ്ങുന്നത്. കേരളത്തില്‍ തന്നെ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുവാന്‍ പലപ്പോഴും തടസം നേരിടുകയാണ്. ഇതിനൊരു മാറ്റം വേണ്ടതാണന്നും, അതിരപ്പള്ളി പദ്ധതിയേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്കരണത്തിന് മാതൃകയായി ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിലൂടെ സ്വരൂപിച്ച പണം നഗരസഭയുടെ ചികിത്സാ സഹായനിധിയിലേക്ക് കൈമാറിയ പിറവം ഫാത്തിമമാത സെന്‍ട്രല്‍ സ്കൂള്‍, എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബിപിസി കോളജ് എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരം മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. ടൂറിസത്തിന്റെ ഭാഗമായി പുഴയിലൂടെയുള്ള ബോട്ട് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഐഷ മാധവന് നിര്‍വഹിച്ചു.
ജില്ലാ സബ് കളക്ടര്‍ അധീല അബ്ദുള്ള, നഗരസഭ ചെയര്മാന് സാബു കെ. ജേക്കബ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി.ജി. ശിവന്, കൗണ്‍സിലര്‍മാരായ മെബിന് ബേബി, അന്നമ്മ ഡോമി, അരുണ്‍ കല്ലറയ്ക്കല്‍, ജില്‍സ് പെരിയപ്പുറം, സിജി സുകുമാരന്‍, ഡോ. അജേഷ് മനോഹര്‍, ബെന്നി വി. വര്‍ഗീസ്, വത്സല വര്‍ഗീസ്, സോജന് ജോര്‍ജ്, തമ്പി പുതുവാക്കുന്നേല്‍, ഉണ്ണി വല്ലയില്‍, സിനി സൈമണ്‍, കെ.ആര്, ശശി, ഷൈബി രാജു, ജിന്‍സി രാജു, റീജ ഷാജു, സുനിത വിമല്‍, സിന്ധു ജെയിംസ്, ഷിജി ഗോപകുമാര്‍, ടി.കെ. തോമസ്, ആതിര രാജന്, മുകേഷ് തങ്കപ്പന്, അല്‍സ അനൂപ്, ബിബിന്‍ ജോസ്, സെക്രട്ടറി പി.ആര്. മോഹന്‍കുമാര്‍, തോമസ് തേക്കുംമൂട്ടില്‍, ഉപേന്ദ്രദാസ് മുകുന്ദന്, ശശി മാധവന് എന്നിവര്‍ പ്രസംഗിച്ചു.