തിരുവനന്തപുരം: പെൻഷൻ കിട്ടാത്തത് മൂലം കെഎസ്ആർടിസി പെൻഷൻകാർ ആത്മഹത്യ ചെയ്യുന്നത് ഇതാദ്യമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 26 പേർ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടാണ് ചിലർ ഈ സർക്കാരിന്റെ കുറ്റങ്ങൾ മാത്രം കണ്ടു പിടിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.സഹകരണ ബാങ്ക് വഴിയുള്ള പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ വിവാദ പരാമർശം.
പെൻഷൻകാരുടെ ആത്മഹത്യ സ്വാഭാവികമാണെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രതികരണം ജീവനക്കാർക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാസങ്ങളായി മുടങ്ങിയ പെൻഷൻ സാധാരണ നടപടിക്രമമെന്ന നിലയിൽ വിതരണം ചെയ്യുന്നതിന് പകരം ആഘോഷമാക്കി ഉദ്ഘാടനം നടത്തിയതിനെച്ചൊല്ലി ഏറെ വിമർശനങ്ങളുണ്ടായതിനു പിന്നാലെയാണ് മന്ത്രിയുടെ വിവാദ പരാമർശം.