തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തിൽ സർക്കാരിന് ഒളിക്കാൻ ഒന്നുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. ശാന്തികവാടത്തിൽ സംസ്കരിച്ചതും സഹോദരിയുടെ നിർദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.
വിദേശവനിതയുടെ മരണത്തിൽ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശവനിതയുടെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ആദ്യം മുതൽ തന്നെ രാഷ്ട്രീയ ഇടപെടൽ സംശയിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ കുംടുംബത്തിന്റെ ആവശ്യത്തിൽ കോടതിയിൽ നിലപാട് അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വിദേശ വനിതയുടെ കൊലപാതകക്കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുഹൃത്ത് ഇന്ന് രംഗത്തെത്തിയിരുന്നു. അന്വേഷണം ശരിയായ രീതിയില്ല നടക്കുന്നത്. കേസ് അവസാനിപ്പിക്കാനാണ് പോലീസിന് താത്പര്യമെന്നും സുഹൃത്ത് ആരോപിച്ചു.
മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതിൽ ദുരൂഹതയുണ്ട്. സംസ്കാര ചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും നടപടിയില്ല. നീതി തേടി അന്താരാഷ്ട്ര കോടതിയിലേക്ക് പോകാനും തയാറെന്നും സുഹൃത്ത് പറഞ്ഞു. ഇതിനു പിന്നാലെയാണ് മന്ത്രി രംഗത്തെത്തിയത്.