തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങൾ കേരളം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾ പാലിച്ചാണ് സംസ്ഥാനം ഇളവുകൾ അനുവദിച്ചത്. കേന്ദ്രം നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ കാരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളം ഏപ്രിൽ 15ന് പുറപ്പെടുവിച്ച മാർഗനിർദേശം തെറ്റിച്ചെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു.
കേരളത്തിൽ ബാർബർഷോപ്പുകളും ഹോട്ടലുകളും തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. പുസ്തകശാലകളും വർക്ക്ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി.
കാറിൽ രണ്ട് പിൻസീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. കേരളം മാർഗനിർദേശങ്ങളിൽ വെള്ളം ചേർത്തുവെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.