ഇരിങ്ങാലക്കുട: ഗാന്ധിജി സങ്കൽപ്പിച്ച രാമരാജ്യമല്ല ഇപ്പോൾ രാമരാജ്യം പറഞ്ഞ് നടക്കുന്നവർ വിഭാവനം ചെയ്യുന്നതെന്നും രാമായണത്തിലെ രാമന്റെ പാതയിലല്ലാതെ മാരിചന്റെ പാത പിന്തുടരുന്നവരാണു രാമായണത്തിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കൂടൽമാണിക്യ ക്ഷേത്രത്തിൽ രാമായണമാസാചരണ നാലന്പല ദർശനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാർട്ടുമെന്റ് പണികഴിപ്പിച്ച ഭക്തർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ നാലു ഭാഷകളിലുള്ള ദർശനവഴികാട്ടിയുടെ പതിപ്പ് തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നന്പൂതിരിപ്പാടിനു നൽകികൊണ്ട ് മന്ത്രി പ്രകാശനം ചെയ്തു.
പ്രഫ. കെ.യു. അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ് നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ, തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നന്പൂതിരി, ഭരണസമിതി അംഗങ്ങളായ രാജേഷ് തന്പാൻ, ഭരതൻ കണ്ടേ ങ്കാട്ടിൽ, എ.ജി. സുരേഷ് എന്നിവർ പ്രസംഗിച്ചു.