തിരുവനന്തപുരം: ശബരിമല ദർശനം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ദർശനം നടത്താൻ പോലീസ് സൗകര്യം ഒരുക്കി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാരിനു താൽപര്യമില്ലെന്ന ദേവസ്വംമന്ത്രിയുടെ പ്രസ്താവന തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സ്ത്രീകൾ ശബരിമലയിലേക്ക് വരണ്ടെന്നു പറയാൻ ഒരു മന്ത്രിക്കും കഴിയില്ല. സർക്കാരിന്റെ നിലപാടാണ് മന്ത്രിമാർ പറയേണ്ടത്. സർക്കാരിന് ഇക്കാര്യത്തിൽ കൃത്യമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ യുവതികൾക്ക് ദർശനം നടത്താൻ കഴിയാതിരുന്നത് അവർക്ക് താൽപര്യമില്ലെന്ന് അറിയിച്ചതുകൊണ്ടാണ്. ദർശനം നടത്താനെത്തിയ യുവതികൾ സ്വയം മടങ്ങിപ്പോകുകയായിരുന്നു. ദർശനം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടാൽ ദർശനം നടത്താനുള്ള എല്ലാ സൗകര്യവും പോലീസ് ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളെ തടയുന്ന ക്രിമിനൽ സംഘത്തെ തുരത്തി സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ വലിയ പ്രശ്നം നിലനിൽക്കുന്നുണ്ട്. ആരാധനാ പരിസരത്ത് പോലീസ് ഇടപെടലിന് പരിമിതിയുണ്ട്. ഇവിടുത്തെ പോലീസ് ഇടപെടൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും.
ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ സ്ത്രീകൾ സ്വയം തിരിച്ചുപോകുകയായിരുന്നു. സ്ത്രീകളെ ശബരിമലയിൽ കയറ്റുക സർക്കാരിന്റെ അജണ്ടയല്ല. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. മനീതി സംഘം തന്നെ കണ്ടിട്ടില്ലെന്നും അവർ പറയുന്നത് പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.